മ്യാന്‍മര്‍ അട്ടിമറിയെ അപലപിച്ച് യുഎന്‍; സൈന്യത്തിനെതിരേ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് പ്രമേയം

പ്രമേയത്തെ 119 രാജ്യങ്ങളാണ് പിന്തുണച്ചത്. ബെലാറസ് മാത്രമാണ് ഇതിനെതിരേ വോട്ടുചെയ്തത്. പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടതും ബെലാറസാണ്. റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള 36 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

Update: 2021-06-19 05:18 GMT

ജനീവ: സൈനിക അട്ടിമറിയിലൂടെ മ്യാന്‍മറില്‍ ഭരണം പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസാക്കി. മ്യാന്‍മറിലെ സൈന്യത്തിനെതിരേ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. രാജ്യത്തിന് ആയുധ വില്‍പ്പന നടത്തുന്നത് ലോകരാജ്യങ്ങള്‍ നിര്‍ത്തലാക്കണം. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരേ ആഗോളതലത്തില്‍ പൊതുസഭയില്‍ ശക്തമായ എതിര്‍പ്പുയരുകയും ജനാധിപത്യം പുനസ്ഥാപിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തു.

ജനാധിപത്യ പ്രക്രിയയിലൂടെ നേതാവായ ആങ് സാന്‍ സൂചിയെപ്പോലുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. സമവായത്തിനൊടുവില്‍ 193 അംഗ പൊതുസഭ ഏകകണ്ഠമായി പ്രമേയം അംഗീകരിക്കുമെന്നാണ് യുഎന്‍ കരുതിയിരുന്നത്. എന്നാല്‍, പ്രമേയത്തെ 119 രാജ്യങ്ങളാണ് പിന്തുണച്ചത്. ബെലാറസ് മാത്രമാണ് ഇതിനെതിരേ വോട്ടുചെയ്തത്. പ്രമേയത്തില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടതും ബെലാറസാണ്.

റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള 36 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. മ്യാന്‍മര്‍ സൈന്യത്തിന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് റഷ്യയും ചൈനയും. യൂറോപ്യന്‍ യൂനിയനും നിരവധി പാശ്ചാത്യ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള കോര്‍ ഗ്രൂപ്പും മ്യാന്‍മര്‍ ഉള്‍പ്പെടുന്ന ആസിയാന്‍ എന്നറിയപ്പെടുന്ന 10 അംഗ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സും നടത്തിയ നീണ്ട ചര്‍ച്ചകളുടെ ഫലമാണ് പ്രമേയം. സമവായം തേടുന്നതിന് ആസിയാനുമായി ഒരു കരാറുണ്ടെന്ന് യുഎന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു. എന്നാല്‍ വോട്ടെടുപ്പില്‍ ഇന്തോനീസ്യ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ളവര്‍ അനുകൂലമായി വോട്ടുചെയ്തു. തായ്‌ലന്‍ഡ്, ലാവോസ് ഉള്‍പ്പെടെയുള്ളവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

Tags: