'സിഎഎ വിരുദ്ധ സമര കേന്ദ്രങ്ങള്‍ മസ്ജിദുകള്‍ക്ക് സമീപമായിരുന്നു'; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനാല്‍ ഖാലിദ് നിരീശ്വരവാദിയാണെന്ന 'പൊതു ധാരണ' ഉണ്ടെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

Update: 2022-01-25 05:53 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടന്ന 25 സ്ഥലങ്ങളും മസ്ജിദുകളോട് ചേര്‍ന്നാണെന്നും അവയ്ക്ക് മതേതര പേരുകള്‍ നല്‍കിയതാണെന്നും ഡല്‍ഹി കലാപ കേസില്‍ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് അദ്ദേഹത്തിന്റെ വാദത്തെ പിന്തുണയ്ക്കുന്നതിന് ഉദാഹരണങ്ങള്‍ നല്‍കി.

സമര സ്ഥലമായി അറിയപ്പെട്ട ശ്രീറാം കോളനി യഥാര്‍ത്ഥത്തില്‍ നൂറാനി മസ്ജിദ് സമരമായിരുന്നു, സദര്‍ ബസാര്‍ പ്രതിഷേധ സ്ഥലം ഷാഹി ഈദ്ഗാഹായിരുന്നു. ശാസ്ത്രി പാര്‍ക്ക് പ്രതിഷേധ സ്ഥലം യഥാര്‍ത്ഥത്തില്‍ വാഹിദ് ജുമാ മസ്ജിദ് ആയിരുന്നു. ഗാന്ധി പാര്‍ക്ക് സമരസ്ഥലം യഥാര്‍ത്ഥത്തില്‍ ജമീല മസ്ജിദ് ആയിരുന്നു. ഞാന്‍ ചൂണ്ടിക്കാണിച്ച 25 പ്രതിഷേധ സ്ഥലങ്ങളും മസ്ജിദുകള്‍ക്ക് സമീപമാണ്. അതാണ് ഈ പ്രതിഷേധ കേന്ദ്രങ്ങളുടെ തിരിച്ചറിയലെന്ന് പ്രസാദ് കോടതിയില്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനാല്‍ ഖാലിദ് നിരീശ്വരവാദിയാണെന്ന 'പൊതു ധാരണ' ഉണ്ടെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു. പിന്നെ എന്തിനാണ് ഉമര്‍ ഖാലിദ് ഒരു മുസ്‌ലിം ഗ്രൂപ്പില്‍ ജെഎന്‍യുവിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നത്, പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഉമര്‍ ഖാലിദ് മറ്റെന്തെങ്കിലും ആയി സ്വയം ചിത്രീകരിക്കുകയാണെന്നും പ്രസാദ് കോടതിയോട് പറഞ്ഞു.

സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്ത ഓരോ വ്യക്തിക്കും ഡല്‍ഹി കലാപവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പ്രസാദ് അവകാശപ്പെട്ടു. '2019 നും 2020 നും ഇടയിലുള്ള വ്യത്യാസം ജാമിഅയും ശഹീന്‍ ബാഗും ബോധപൂര്‍വം ഒഴിവാക്കുകയും 2020 ല്‍ ശരിയായ വിയോജിപ്പായി തോന്നാന്‍ സ്ത്രീകളെ മുന്‍നിരയായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

ജനുവരി 28ന് പ്രസാദ് തന്റെ വാദം തുടരും. ജനുവരി 11 ന് നേരത്തെ നടന്ന ഹിയറിങ്ങില്‍, ഡല്‍ഹി കലാപം സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള 'വ്യക്തമായ ഒരു ക്രിമിനല്‍ ഗൂഢാലോചന'യാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. കലാപം രഹസ്യമായി ആസൂത്രണം ചെയ്തതാണെന്നും അത് സ്വയമേവ ഉണ്ടായ അക്രമമല്ലെന്നും പ്രസാദ് അവകാശപ്പെട്ടിരുന്നു.