സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു
അസോവ് കടലിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളിന്റെ മേഖലയില്‍ കടുത്ത പോരാട്ടം തുടരുകയാണ്.
കീവ്: ആക്രമണത്തെ തുടര്‍ന്ന് തീപിടുത്തം സംഭവിച്ച സപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലെന്‍സ്കി രംഗത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യൻ സേന ആണവനിലയം പിടിച്ചെടുത്തത്.
അധിനിവേശം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ആക്രമണം കൂടുതല്‍ ശക്തമാക്കി. യുക്രെയ്നിലെ സപൊറീഷ്യയിലെ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബ സ്ഥിരീകരിച്ചിരുന്നു. ആണവനിലത്തില്‍ അപകടമുണ്ടായാല്‍ അത് ചെര്‍ണോബില്‍ ദുരന്തത്തിന്റെ പത്തിരട്ടി പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യ ഉടനടി ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ അതേ ആണവ നിലയം തങ്ങളുടെ നിയന്ത്രണത്തിലാക്കിയാണ് റഷ്യ മറുപടി നൽകിയത്. അതിനിടെ റഷ്യൻ ഏഴാം വ്യോമസേനാ വിഭാഗത്തിന്റെ കമാൻഡിങ് മേജർ ജനറൽ ആൻഡ്രി സുകോവെത്സ്‌കി യുക്രെയ്നുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി എപി റിപോര്‍ട്ട് ചെയ്യുന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദർ മേഖലയിലെ പ്രാദേശിക അധികൃതരാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഏത് സാഹചര്യത്തിലാണ് ആന്‍ഡ്രി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
അസോവ് കടലിലെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മരിയുപോളിന്റെ മേഖലയില്‍ കടുത്ത പോരാട്ടം തുടരുകയാണ്. ഹെർസണ്‍ നഗരം തങ്ങളുടെ അധീനതയിലായതായി റഷ്യന്‍ സൈന്യം അവകാശപ്പെടുന്നു. 2.8 ലക്ഷം പേരുള്ള ബ്ലാക്ക് സി പോര്‍ട്ടിലെ പ്രാദേശിക സർക്കാർ കേന്ദ്രം റഷ്യൻ സൈന്യം ഏറ്റെടുത്തതായി യുക്രെയ്ന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.
യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി വെടിനിർത്തലും മാനുഷിക ഇടനാഴിയും വേണമെന്ന് ഇന്നലെ റഷ്യൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ യുക്രെയ്ൻ അഭ്യർത്ഥിച്ചു. റഷ്യയും യുക്രെയ്നും തമ്മിൽ ബലാറസിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുക്രെയ്ന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചിരുന്നു.
