ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടനപത്രിക; ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും; കാരുണ്യ പദ്ധതി നടപ്പിലാക്കും

കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കും

Update: 2021-03-20 07:01 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുമെന്നും പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കും. ന്യായ് പദ്ധതിയില്‍ പെടാത്ത 40നും 60നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ, വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും. സര്‍ക്കാര്‍ ജോലിക്കായി വീട്ടമ്മമാര്‍ക്ക് രണ്ട് വര്‍ഷം ഇളവ് അനുവദിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതി നടപ്പിലാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക ഭവന പദ്ധതി, ഭവനപദ്ധതിക്കുള്ള തുക ആറു ലക്ഷമാക്കും, 2018ലെ പ്രളയത്തിന് മുന്‍പുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും. എംഫില്‍, പിഎച്ച്ഡി പൂര്‍ത്തായാക്കിയ തൊഴില്‍ രഹിതര്‍ക്ക് 7000 രൂപമുതല്‍ 10000 രൂപ വരെ നല്‍കും, അറിവിന്റെ ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റും, പട്ടണങ്ങളില്‍ ചെറുവനങ്ങള്‍ സൃഷ്ടിക്കും, പീസ് ആന്‍ഡ് ഹാര്‍മണി വകുപ്പ് രൂപീകരിക്കും. കോവിഡില്‍ തൊഴില്‍ നഷ്ടപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും, കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ രൂപീകരിക്കും, ശബരിമല വിശ്വാസസംരക്ഷണത്തിനായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. പ്രകടനപത്രിക പുറത്തിറക്കിയ യോഗത്തില്‍ യുഡിഎഫ് നേതാക്കളായ എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, ബന്നി ബഹനാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: