പന്തീരാങ്കാവ് കേസിൽ യുഎപിഎ നിലനില്‍ക്കില്ല; നിർണായക പരാമര്‍ശവുമായി സുപ്രിംകോടതി

താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം.

Update: 2021-10-28 14:49 GMT

ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിനും താഹ ഫസലിനുമെതിരേ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി. മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താല്‍ യുഎപിഎ ചുമത്താനാകില്ല. മാവോവാദി സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍കുകയുള്ളുവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

താഹ ഫസലിന് ജാമ്യം അനുവദിച്ചു പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശം. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രിംകോടതി തള്ളി.

ചെറുപ്പക്കാരായ അലനും, താഹയും മാവോവാദി ആശയങ്ങളില്‍ ആകൃഷ്ടരായിരിക്കാം. അതിനാല്‍ അവരുടെ പക്കല്‍ മാവോവാദി അനുകൂല പുസ്തകങ്ങളും, ലഘുലേഖകളും കണ്ടേക്കാം. അലനും താഹയും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് മാവോവാദി സംഘടനയുടെ പ്രവര്‍ത്തനം ആണെന്ന് വിലയിരുത്താന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ശ്രീനിവാസ് ഓക് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2020 സെപ്തംബറില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി അനുവദിച്ച അതേ വ്യവസ്ഥകളിലാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ അലന്‍ ശുഹൈബിന് വിചാരണ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ശരി വച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യമാണ് സുപ്രിംകോടതി തള്ളിയത്. വിധിയിലെ നിരീക്ഷണങ്ങള്‍ വിചാരണ കോടതിയിലെ മറ്റ് നടപടികളെ സ്വാധീനിക്കരുതെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

2019 നവംബർ ഒന്നിനായിരുന്നു നിയമ വിദ്യാർത്ഥിയായ അലൻ ശുഹൈബിനെയും ജേർണലിസം വിദ്യാർത്ഥി താഹ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവരും രഹസ്യമായി മാവോവാദി പ്രവർത്തനങ്ങൾ നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

അലന്റെയും താഹയുടെയും അറസ്റ്റ് കേരളത്തിൽ വ്യാപകമായ രീതിയിൽ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. യുഎപിഎ നിയമത്തിനെതിരേ നിലപാട് സ്വീകരിച്ച സിപിഎം അധികാരത്തിൽ ഉള്ള കേരളത്തിൽ വിദ്യാർത്ഥികൾക്കെതിരേ പോലും ഈ നിയമം ചുമത്തുന്ന നടപടിക്കെതിരേ സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലുള്ള നിരവധി ആളുകൾ രംഗത്തെത്തി. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം അടക്കം വിയോജിപ്പ് അറിയിച്ചെങ്കിലും അലനും താഹയും മാവോവാദി പ്രവർത്തകർ ആണെന്നും ചായ കുടിക്കാൻ പോയതിനല്ല അവരെ അറസ്റ്റ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.