യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം

ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ ജലാതിര്‍ത്തിയിലാണ് ആക്രമണം. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎഇ അറിയിച്ചു.

Update: 2019-05-13 09:02 GMT

ദുബയ്: യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി സ്ഥിരീകരിച്ച് യുഎഇ. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ ജലാതിര്‍ത്തിയിലാണ് ആക്രമണം. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎഇ അറിയിച്ചു.

ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധമുള്ളവരോ ശ്രമിക്കുമെന്ന യുഎസ് മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ദുരൂഹ സംഭവം.

അതേസമയം, ആര്‍ക്കും പരിക്കില്ലെങ്കിലും ഗുരുതരമായ സംഭവമാണ് നടന്നതെന്ന് യുഎഇ പറയുന്നു. അന്വേഷണം തുടരുകയാണ്. കപ്പലുകളെ സംബന്ധിച്ചോ അതിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചോയുള്ള വിവരങ്ങളും യുഎഇ പരസ്യമാക്കിയിട്ടില്ല.

ഇത്തരം ഭീഷണി ചൂണ്ടിക്കാട്ടി അമേരിക്ക ഇവിടേയ്ക്ക് വിമാനവാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചിരുന്നു. സൗദിയില്‍നിന്ന് യുഎസിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു. ജലസുരക്ഷ നഷ്ടപ്പെടുത്തുന്ന ശക്തികളെ വെറുതെവിടില്ലെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് റാഷിദ് അല്‍ സയാനി മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഇറാനാണ് എന്ന സൂചനയാണ് ഗള്‍ഫ് നേതാക്കള്‍ നല്‍കുന്നത്. ഫുജൈറയില്‍ പത്തോളം എണ്ണ കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും യുദ്ധവിമാനങ്ങള്‍ തുറമുഖത്ത് വട്ടമിട്ടു പറന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയും സംഭവങ്ങള്‍ നടന്നില്ലെന്നാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പറയുന്നത്.

ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് യുഎസ് സൈനിക വിന്യാസം നടത്തിയതു മുതല്‍ സംഘര്‍ഷഭരിതമാണ് മേഖല. യുഎഇ തുറമുഖത്തിനു സമീപം സ്‌ഫോടനമുണ്ടായതായി ഇറാന്‍, ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുഎഇ ഇതു നിഷേധിച്ചു. മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയും ഇതിനോടു പ്രതികരിച്ചിട്ടില്ല.

ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇറാനെതിരേ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്തി. എണ്ണ കയറ്റുമതിക്ക് അനുവദിക്കുന്നില്ല. ഇതിനെ ചെറുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്റെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും അമേരിക്ക നടപടിയെടുക്കുന്നുണ്ട്. ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുകടത്ത് തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയുടെ യുദ്ധക്കപ്പലുകലും യുദ്ധവിമാനങ്ങളും യൂറോപ്പില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടത്. തൊട്ടുപിന്നാലെ പുതിയ സംഭവങ്ങളുണ്ടായത് ആശങ്കയുണ്ടാക്കയിട്ടുണ്ട്.

Tags: