ആക്രമണകഥ കെട്ടിച്ചമച്ച് യുപിയില്‍ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു; ആരോപണം വ്യാജമെന്ന് പോപുലർ ഫ്രണ്ട്
ഫെബ്രുവരി 11 ന് വൈകുന്നേരമാണ് ഇരുവരെയും അവസാനമായി കുടുംബത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞത്. ഇരുവരെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 16 ന് രാവിലെ കേരളത്തിലെ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു.
ലഖ്‌നോ: ആക്രമണ കഥ കെട്ടിച്ചമച്ച് യുപിയില്‍ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയതെന്നാണ് യുപി പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
യുപിയിലെ പ്രധാന സ്ഥലങ്ങളില്‍ അടക്കം ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും പ്രധാന ഹിന്ദു സംഘടനാ നേതാക്കളെ ലക്ഷ്യം വച്ചിരുന്നെന്നുമാണ് പോലിസ് ആരോപിക്കുന്നത്.
എന്നാല്‍ തീവ്രവാദ ആക്രമണത്തിന്റെ പരിഹാസ്യമായ വ്യാജകഥ സൃഷ്ടിച്ച് ഉത്തര്‍പ്രദേശ് എസ്ടിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അപലപനീയമാണെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടുപേരും മലയാളികളാണ്. പശ്ചിമബംഗാളിലും ബിഹാറിലും സംഘടനയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയിട്ടുണ്ട്. ഫെബ്രുവരി 11 ന് രാവിലെ 5:40 ന് ഇരുവരും ബിഹാറിലെ കതിഹാറില്‍ നിന്ന് മുംബൈയിലേക്ക് ട്രെയിന്‍ കയറിയിരുന്നു. ഫെബ്രുവരി 11 ന് വൈകുന്നേരമാണ് ഇരുവരെയും അവസാനമായി കുടുംബത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞത്. ഇരുവരെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 16 ന് രാവിലെ കേരളത്തിലെ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനുശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ പത്രസമ്മേളനം വിളിച്ച് അവരുടെ അറസ്റ്റിന്റെയും സാങ്കല്‍പ്പിക ഭീകരാക്രമണത്തിന്റെയും കെട്ടിച്ചമച്ച കഥ അവതരിപ്പിച്ചത്.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതിനായി തിരക്കഥ നിര്‍മിക്കുന്നതില്‍ പേരുകേട്ട യുപി പോലിസ് വ്യാജകഥ സൃഷ്ടിക്കുകയാണ്. ഫെബ്രുവരി 11 ന് അന്‍ഷാദിനെയും ഫിറോസിനെയും യുപി പോലിസ് കസ്റ്റഡിയിലെടുക്കുകയും ഫെബ്രുവരി 16 ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്യുന്നത് 'ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്' എന്ന വ്യാജവാര്‍ത്ത സൃഷ്ടിക്കാനുള്ള യുപി സര്‍ക്കാരിന്റെ മറ്റൊരു ശ്രമമാണ്. പതിനൊന്നാം തിയ്യതി വൈകുന്നേരം ട്രെയിന്‍ യുപിയിലൂടെ കടന്നുപോവുമ്പോള്‍, ഇരുവരെയും യുപി എസ്ടിഎഫ് തട്ടിക്കൊണ്ടുപോയി അനധികൃത കസ്റ്റഡിയില്‍ സൂക്ഷിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരിക്കാം.
ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍ വിമതശബ്ദങ്ങളെ ലക്ഷ്യമിടുന്നത് അറിവുള്ള കാര്യമാണ്. പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ നേരത്തെ പൗരത്വ പ്രക്ഷോഭത്തില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് പോപുലര്‍ ഫ്രണ്ട് അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവര്‍ക്ക് ജാമ്യവും ലഭിച്ചിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ 3 വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തുകൊണ്ട് യുപി പോലിസ് പോപുലര്‍ ഫ്രണ്ട് ഹാഥ്‌റസില്‍ കലാപത്തിന് ശ്രമിച്ചെന്ന സാങ്കല്‍പ്പിക കഥകള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ പോപുലര്‍ ഫ്രണ്ട് ഭയപ്പെടില്ല. ഈ കേസില്‍ എസ്ടിഎഫ് തന്നെ കുറ്റവാളിയായതിനാല്‍ ഈ അറസ്റ്റിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. അംഗങ്ങളെ മോചിപ്പിക്കുന്നതിനുള്ള എല്ലാ നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും നികൃഷ്ട പദ്ധതികളെ പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

