ഡൽഹി ഓഖ്‌ലയില്‍ രണ്ട് മാസത്തേക്ക് നിരോധനാജ്ഞ: ജാമിഅ മില്ലിയ ഇസ്‌ലാമിയ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും കൂട്ടംകൂടരുതെന്ന് നിര്‍ദേശം

Update: 2022-09-27 10:05 GMT

ന്യൂഡല്‍ഹി: ഡൽഹി ഓഖ്‌ലയില്‍ ഐപിസി 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനാല്‍ ജാമിഅ മില്ലിയ ഇസ് ലാമിയയിലെ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും കാമ്പസിലും പരിസരത്തും ഒത്തുകൂടരുതെന്ന് സര്‍വകലാശാല നിര്‍ദേശം. ജാമിഅ നഗര്‍ പോലിസിന്റെ നിര്‍ദേശമനുസരിച്ചാണ് സര്‍വകലാശാലയുടെ ഉത്തരവ്. രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവുക.

ചില വ്യക്തികളോ സംഘടനകളോ സമാധാനലംഘനമുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് സംശയിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 19 മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജാമിഅ നഗര്‍ പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ അറിയിച്ചതായി സര്‍വകലാശാല ചീഫ് പ്രോക്ടര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച നോട്ടിസില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ നവംബര്‍ 17വരെ പ്രാബല്യത്തിലുണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.

ഉത്തരവ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യ്‌ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ടതാണെന്ന ആരോപണങ്ങള്‍ പോലിസ് നിഷേധിച്ചു.

സിആര്‍പിസിയുടെ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ ഒത്തുകൂടുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ഐപിസി 188ാം വകുപ്പ് പ്രകാരം കേസെടുക്കാനാവും.

ഉത്തരവ് കണക്കിലെടുത്ത്, സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളോ അധ്യാപകരോ ജീവനക്കാരോ ക്യാമ്പസിനകത്തും പുറത്തും മാര്‍ച്ച്, പ്രക്ഷോഭം, ധര്‍ണ, യോഗങ്ങള്‍ എന്നിവ നടത്തരുതെന്നാണ് സര്‍വകലാശാല മേധാവി അറിയിച്ചിട്ടുള്ളത്.

ജാമിഅയിലെ അധ്യാപകര്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നോട്ടിസ് പുറപ്പെടുവിച്ചത്.

ന്യൂ ഫ്രണ്ട്‌സ് കോളനി അസിസ്റ്റന്റ് പോലിസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. അതുപ്രകാരം ന്യൂ ഫ്രണ്ട്‌സ് കോളനി സബ് ഡിവിഷന്റെ മുഴുവന്‍ അധികാരപരിധിയിലും ഘോഷയാത്രകളോ റാലികളോ ചടങ്ങുകളോ മെഴുകുതിരി മാര്‍ച്ചോ പാടില്ല.

ഉത്തരവ് സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 17 വരെ 60 ദിവസത്തേക്കാണ് പ്രാബല്യത്തിലുണ്ടാവുക. 

Tags:    

Similar News