ജെഎന്‍യു ആക്രമണം ആസൂത്രിതം; ഒളികാമറയില്‍ എല്ലാം തുറന്നുപറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍

അതേസമയം, ഒളികാമറയില്‍ കുറ്റമേറ്റ അക്ഷത് അവസ്തി എബിവിപിയുടെ ഏതെങ്കിലും ഭാരവാഹി അല്ലെന്നും ഡല്‍ഹി പോലിസ് പുറത്തുവിട്ട വസ്തുതകളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യാ ടുഡേ നടത്തുന്ന കുപ്രചാരണമാണിതെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി പറഞ്ഞു

Update: 2020-01-10 15:57 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും ഫീസ് വര്‍ധനവിനുമെതിരേ പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയതും ആസൂത്രണം ചെയ്തു നടപ്പാക്കിയതും എങ്ങനെയാണെന്ന് ഒളികാമറയ്ക്കു മുന്നില്‍ തുറന്ന് പറഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍. ഇന്ത്യാ ടുഡേ പ്രതിനിധികള്‍ നടത്തിയ ഒളി കാമറ ഓപറേഷനിലാണ് ആക്രമണത്തിന് ആളുകളെ എത്തിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുപറയുന്നത്. ജെഎന്‍യു ആക്രമണത്തില്‍ പങ്കുണ്ടെന്ന് പോലിസ് തന്നെ ആരോപിച്ച രണ്ടു എബിവിപി പ്രവര്‍ത്തകരാണ് ഒളികാമറയില്‍ കുറ്റങ്ങള്‍ ഏറ്റുപറയുന്നത്. ആക്രമണം നടന്ന കഴിഞ്ഞ ഞായറാഴ്ച കാംപസിലേക്ക് ആള്‍ക്കൂട്ടത്തെ എത്തിച്ചത് താനാണെന്ന് എബിവിപി പ്രവര്‍ത്തകനായ അക്ഷത് അവസ്തി വിവരിക്കുന്നുണ്ട്. ജനുവരി 5ന് രാത്രി പെരിയാര്‍ ഹോസ്റ്റലിന് നേരെയുണ്ടായ ആക്രമണത്തിന് നേതൃത്വം നല്‍കിയത് താനാണെന്ന് ജെഎന്‍യുവിലെ ബിഎ ഫ്രഞ്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥി അക്ഷത് അവസ്തി ഏറ്റുപറയുന്നുണ്ട്.



    ഹെല്‍മെറ്റ് ധരിച്ച് കൈയില്‍ വടിയുമെടുത്ത് കാമറയില്‍ പതിഞ്ഞത് തന്റെ ദൃശ്യമാണെന്നും അക്ഷത് അവസ്തി സമ്മതിച്ചു. അന്നേദിവസം ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മുഖംമൂടി ധരിച്ച് ആക്രമണം നടത്താന്‍ ആളുകളെ താന്‍ സംഘടിപ്പിച്ചതായി അക്ഷത് സമ്മതിക്കുന്നു. വടി ഉപയോഗിച്ചാണ് ആയുധധാരികളായ ഒരുസംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നത്. വിദ്യാര്‍ഥികളെ അടിക്കാന്‍ താനും സംഘവും പോലിസ് ഉദ്യോഗസ്ഥരെ പ്രോല്‍സാഹിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്.



'പെരിയാര്‍ ഹോസ്റ്റലിനെയാണ് ആദ്യം ആക്രമിച്ചത്. ഇത് (സബര്‍മതി ആക്രമണം) അവരുടെ നടപടിയോടുള്ള പ്രതികരണമായിരുന്നു. പുരുഷന്മാരെ അണിനിരത്താന്‍ ഞാന്‍ എബിവിപി ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയെ വിളിച്ചു. എബിവിപി പ്രതികാരം ചെയ്യുമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ലായിരുന്നുവെന്നും അക്ഷത് പറയുന്നുണ്ട്. താങ്കളുടെ കൈയിലുണ്ടായിരുന്ന വടി എവിടെ നിന്നാണ് ലഭിച്ചതെന്ന റിപോര്‍ട്ടറുടെ ചോദ്യത്തിന് പെരിയാര്‍ ഹോസ്റ്റലിനടുത്തുള്ള ഒരു ഫ്‌ലാഗ്‌പോളില്‍ നിന്നാണ് തനിക്ക് ഇത് ലഭിച്ചതെന്ന് അക്ഷത് പറയുന്നുണ്ട്. 'ഇടതുപക്ഷ വിദ്യാര്‍ഥികളും അധ്യാപകരും സബര്‍മതിയില്‍ ഒരു യോഗം നടത്തുകയായിരുന്നു. സബര്‍മതി ആക്രമിച്ചപ്പോള്‍ എല്ലാവരും ഓടിപ്പോയി ഉള്ളില്‍ അഭയം തേടി. സബര്‍മതിക്ക് മുന്നില്‍ ഒരു തെരുവുണ്ട്. അവിടെയുണ്ടായിരുന്ന വാഹനങ്ങളും ഫര്‍ണിച്ചറുകളും തകര്‍ത്തു. ആക്രമണം നടന്നപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ഓടിപ്പോയി. എബിവിപി ഇതുപോലെ പ്രതികാരം ചെയ്യുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    നിങ്ങളുടെ കൈയില്‍ എന്താണുണ്ടായിരുന്നതെന്ന ഇന്ത്യാ ടുഡേ റിപോര്‍ട്ടറുടെ ചോദ്യത്തിന് അഇത് ഒരു വടിയായിരുന്നു, സര്‍. പെരിയാര്‍ ഹോസ്റ്റലിനടുത്ത് കിടക്കുന്ന ഒരു പതാകയില്‍ നിന്നാണ് ഞാന്‍ അത് പുറത്തെടുത്തതെന്നും മറുപടി നല്‍കി. ഇതിനിടെ താടിയുള്ള ഒരു മനുഷ്യനെ ഞാന്‍ കണ്ടു. അവന്‍ ഒരു കശ്മീരിയെപ്പോലെയായിരുന്നു. ഞാന്‍ അവനെയും തല്ലിയെന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. കാംപസിലെ വൈദ്യുതി ഓഫ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, പോലിസോ ഭരണകൂടമോ ആണ് അത് ചെയ്തതെന്നാണു കരുതുന്നതെന്നും ആക്രമണങ്ങള്‍ പുറത്ത് കാണാതിരിക്കാനാവാമെന്നും അക്ഷത് പറഞ്ഞു. 'അപ്പോള്‍, പോലിസ് എബിവിപിക്കാരായ നിങ്ങളെ സഹായിച്ചുവോ? എന്ന ചോദ്യത്തിന് 'ഇത് ആരുടെ പോലിസാണ്, സര്‍? എന്നായിരുന്നു അക്ഷതിന്റെ മറുപടി. ജനക്കൂട്ടത്തെ സംഘടിപ്പിച്ചതിന്റെയും ആക്രമണം നടത്തിയതിന്റെയും ഉത്തരവാദിത്തവും അക്ഷത് ഏറ്റെടുത്തു.

'ഞാന്‍ എല്ലാകാര്യങ്ങളും ചെയ്തു. ഒരു സൂപ്രണ്ടിനെയോ കമാന്‍ഡറിനെയോ പോലെ പ്രവര്‍ത്തിക്കണമെന്ന് അറിയാം. എന്തിനാണ് ഇത് ചെയ്യേണ്ടത്, കൃത്യമായി എവിടെയാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ അവരെ നയിച്ചു എവിടെ മറയ്ക്കണം, എവിടെ പോവണം, എല്ലാം ആസൂത്രിതമായി ചെയ്യാന്‍ ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് സ്ഥാനമോ ടാഗോ ഇല്ല. എന്നിട്ടും അവര്‍ എന്നെ ശ്രദ്ധയോടെ ശ്രവിച്ചു. ഞാന്‍ അവരെ അണിനിരത്തുക മാത്രമല്ല അവരുടെ കോപത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

എബിവിപി അംഗവും ജെഎന്‍യുവിലെ ബിഎ ഫ്രഞ്ച് വിദ്യാര്‍ത്ഥിയുമായ രോഹിത് ഷായാണ് സ്റ്റിങ് ഓപറേഷനില്‍ പിടിക്കപ്പെട്ട രണ്ടാമത്തെ വ്യക്തി. മറ്റൊരു ആക്രമണകാരിക്ക് ഹെല്‍മെറ്റ് നല്‍കിയത് താനാണെന്നും ആ രാത്രിയില്‍ സംഭവിച്ചതില്‍ അഭിമാനിക്കുന്നുവെന്നും രോഹിത് ഷാ പറഞ്ഞു. 'അത് അതേ രീതിയില്‍ ചെയ്തില്ലെങ്കില്‍, എബിവിപിയുടെ ശക്തി അവര്‍ മനസ്സിലാക്കുമായിരുന്നില്ല,' അദ്ദേഹം പറയുന്നു.


അതേസമയം, ഒളികാമറയില്‍ കുറ്റമേറ്റ അക്ഷത് അവസ്തി എബിവിപിയുടെ ഏതെങ്കിലും ഭാരവാഹിയോ കാര്യകാര്‍ത്തയോ അല്ലെന്ന് എബിവിപി പ്രസ്താവിച്ചു. ഡല്‍ഹി പോലിസ് പുറത്തുവിട്ട വസ്തുതകളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇന്ത്യാ ടുഡേ നടത്തുന്ന കുപ്രചാരണമാണിതെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി പറഞ്ഞു.

    ഇടതുപക്ഷ സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക ഗീത കുമാരിയുമായുള്ള സംഭാഷണവും കാമറയിലുണ്ട്. ജെഎന്‍യുവിലെ സെര്‍വര്‍ റൂമിന് പുറത്ത് ഇരിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയില്‍ കണ്ടത് തന്നെ തന്നെയാണ് ഗീത സമ്മതിക്കുന്നുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് എതിരായതിനാല്‍ പ്രതിഷേധിച്ച ഇടതുപക്ഷക്കാര്‍ സെര്‍വര്‍ റൂമിന് കേടുപാട് വരുത്തിയതായി ഗീത വ്യക്തമാക്കുന്നുണ്ട്. ഇടതു വിദ്യാര്‍ഥി യൂനിയനുകളും മറ്റ് വിദ്യാര്‍ഥികളും ജെഎന്‍യുവിലെ ഫീസ് വര്‍ധനവിനെതിരേ പ്രതിഷേധിക്കുകയും രജിസ്‌ട്രേഷന്‍ തടയുകയും ചെയ്തുതായി ഗീത പറയുന്നുണ്ട്.

    ഇക്കഴിഞ്ഞ ജനുവരി 5ന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാംപസില്‍ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി പോലിസ് കേസെടുത്തതിനു പിന്നാലെയാണ് ഇന്ത്യാ ടുഡേയുടെ ഒളികാമറാ ഓപറേഷന്‍ പുറത്തുവിട്ടത്.




Tags:    

Similar News