തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 41,000 കടന്നു, സഹായവുമായി സൗദിയുടെ എട്ട് വിമാനങ്ങള്‍

Update: 2023-02-15 06:30 GMT

അങ്കാറ: ഭൂകമ്പം കൊടും നാശം വിതച്ച തുര്‍ക്കി- സിറിയ മേഖലയില്‍ മരണപ്പെട്ടവരുടെ എണ്ണം 41,000 കടന്നു. ഭൂകമ്പം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. തെക്കന്‍ തുര്‍ക്കിയിലെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കുന്നു, പ്രതീക്ഷയുടെ നേരിയ കിരണങ്ങള്‍ പ്രദാനം ചെയ്യുന്നു- രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ചൊവ്വാഴ്ച തുര്‍ക്കിയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പത് പേരെയാണ് രക്ഷപ്പെടുത്തിയത്.

ഭൂകമ്പത്തിന് 212 മണിക്കൂറിന് ശേഷം തുര്‍ക്കിയിലെ അടിയമാനില്‍ 77 വയസുള്ള ഒരാളെയും 18 വയസുള്ള ആണ്‍കുട്ടിയെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. കൊടും തണുപ്പില്‍ പാര്‍പ്പിടമോ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെ സഹായിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഈ വര്‍ഷം തിരഞ്ഞെടുപ്പിന് ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. 'നമ്മുടെ രാജ്യത്ത് മാത്രമല്ല, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്,' അങ്കാറയില്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് അവസാന പൗരനെ പുറത്തെടുക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരും- അദ്ദേഹം വ്യക്തമാക്കി. 12 വര്‍ഷത്തെ ആഭ്യന്തരയുദ്ധം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാക്കിയ സിറിയയിലെ സാഹചര്യം പ്രത്യേകിച്ച് നിരാശാജനകമായിരുന്നു. ബാധിതര്‍ക്കുള്ള സൗദിയുടെ സഹായം തുടരുന്നു. സിറിയയിലേക്ക് നേരിട്ട് ആദ്യമായി ഇന്ന് സഹായവുമായി സൗദിയുടെ വിമാനമിറങ്ങി. ഇരുരാജ്യങ്ങള്‍ക്കുമായി സൗദി ഭരണകൂടം നടത്തുന്ന ജനകീയ ഫണ്ട് കലക്ഷന്‍ 800 കോടിയിലേക്കെത്തുകയാണ്.

32,000 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനങ്ങളില്‍ എട്ട് സര്‍വീസുകള്‍ സൗദി പൂര്‍ത്തിയാക്കി. നാല് വിമാനങ്ങള്‍ ഇതിനായി ഷട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്. നൂറ് ടണ്‍ വീതം വരുന്ന പ്രത്യേക പാക്കേജുകളാക്കിയാണ് വിമാനത്തിലേക്ക് ചരക്കുകളെത്തിക്കുന്നത്. ഇന്നലെ ഒമ്പതാമത്തെ വിമാനവും പുറപ്പെട്ടു. എട്ടാമത്തെ സര്‍വീസ് സിറിയയിലെ അലപ്പോയിലേക്ക് നേരിട്ടായിരുന്നു. ഭരണകൂടവും വിവിധ പ്രതിപക്ഷ കക്ഷികളും വിഘടനവാദികളും ഏറ്റുമുട്ടുന്ന സിറിയയിലേക്ക് സഹായമെത്തിക്കല്‍ എളുപ്പമായിരുന്നില്ല.

അതിനാല്‍, തുര്‍ക്കിയില്‍ നിന്നും കരമാര്‍ഗമായിരുന്നു ഇതുവരെ സഹായമെത്തിച്ചത്. എന്നാല്‍, സിറിയന്‍ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്നലെ നേരിട്ട് വിമാനമിറങ്ങി. ഇതോടെ ഭൂകമ്പ ബാധിതരിലേക്ക് സഹായം വേഗത്തിലെത്തും. മെഡിക്കല്‍ സേവനം, താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയാണ് എത്തിക്കുന്നത്. ഇതിനു പുറമെ രക്ഷാ ദൗത്യത്തിലും സൗദി പങ്കാളിയാണ്. ഇതിനകം 800 കോടിയോളം രൂപ സൗദി ജനകീയ ഫണ്ട് കലക്ഷനിലൂടെ സമാഹരിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് വസ്തുക്കളെത്തിക്കുന്നത്.

Tags:    

Similar News