ഉയ്ഗൂര്‍ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനയോട് ട്രംപ് നിര്‍ദേശിച്ചിരുന്നതായി വെളിപ്പെടുത്തല്‍
ഉയ്ഗൂര്‍ വംശജര്‍ക്കായി തടവറകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചതെന്നും ജോണ്‍ ബോള്‍ട്ടന്‍ പറയുന്നു
വാഷിങ്ടണ്‍: ഉയ്ഗൂര്‍ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകണമെന്ന് ചൈനയോട് ട്രംപ് നിര്‍ദേശിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഉയ്ഗൂര്‍ മുസ്‌ലിംകളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവെച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
ഈ വിഷയത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍ ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് രംഗത്തെത്തിയത്. ഉയ്ഗൂര്‍ തടവുകേന്ദ്രങ്ങളുമായി മുന്നോട്ടുപോകാന്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിന് ഡോണള്‍ഡ് ട്രംപ് നേരത്തെ അനുവാദം നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ജോണ്‍ ബോള്‍ട്ടന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തെ കുറിച്ച് ദി വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന കുറിപ്പിലാണ് ട്രംപിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉള്ളത്. പശ്ചിമ ചൈനയില്‍ ഉയ്ഗൂര്‍ വംശജര്‍ക്കായി തടവറകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിക്കിടെയാണ് ഇരു രാഷ്ട്രത്തലവന്മാരും സംസാരിച്ചതെന്നും ജോണ്‍ ബോള്‍ട്ടന്‍ പറയുന്നു.
ഇരുവരും മാത്രമുള്ളപ്പോള്‍ താന്‍ എന്തിനാണ് അടിസ്ഥാനപരമായി സിന്‍ചിയാങ്ങില്‍ തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മിക്കുന്നതെന്ന് സി ജിന്‍പിങ് വിശദീകരിച്ചിരുന്നു. തടങ്കല്‍പാളയങ്ങള്‍ പണിയുന്നതില്‍ മുന്നോട്ട് പോകണമെന്ന് ട്രംപ് പറഞ്ഞു, ഇത് ശരിയായ കാര്യമാണെന്ന് ട്രംപ് കരുതിയിരുന്നെന്നും ബോള്‍ട്ടണ്‍ എഴുതുന്നു. 2017 നവംബറിലെ ചൈനയിലേക്കുള്ള യാത്രയില്‍ ട്രംപ് സമാനമായ എന്തോ പറഞ്ഞുവെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ മാത്യു പോറ്റിംഗര്‍ തന്നോട് പറഞ്ഞതായും ബോള്‍ട്ടണ്‍ പറയുന്നു.
യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം ഒരു ദശലക്ഷത്തിലധികം ഉയ്ഗൂറുകള്‍, കസാക്കുകള്‍, കിര്‍ഗിസ്, മറ്റ് മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ചൈനീസ് സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളില്‍ തടഞ്ഞുവച്ചിട്ടുണ്ട്. അവിടെ അവരെ പീഡനത്തിനും ക്രൂരവും മനുഷ്യത്വരഹിതവുമായ പെരുമാറ്റത്തിന് വിധേയരാക്കുന്നു. ശാരീരികവും ലൈംഗികവുമായ ദുരുപയോഗം, നിര്‍ബന്ധിത അധ്വാനം എന്നിങ്ങനെ സംഭവിക്കുന്നണ്ടെന്നും വിവരിക്കുന്നു.
സിങ്ചിയാങ്ങിലെ ബീജിങ്ങിന്റെ നടപടികള്‍ ഈ നൂറ്റാണ്ടിന്റെ കറപ്പാടുകള്‍ എന്നാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിശദീകരിക്കുന്നത്. യുഎസ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ബില്ലിനെ എതിര്‍ത്ത് ഒരംഗം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. പത്തുലക്ഷത്തിലധികം ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈന തുറങ്കിലടച്ചിട്ടുണ്ടെന്നാണ് യുഎന്‍ കണക്ക്.

