രണ്ടരലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിന്‍ ട്രക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ഭാരത് ബയെടെക്കിന്റെ 2,40,000 ഡോസ് കൊവാക്‌സിന്‍ മരുന്നുകളാണ് ട്രക്കിലുണ്ടായിരുന്നത്. എട്ടുകോടി രൂപയോളം വിലമതിക്കുന്നതാണ് വാക്‌സിന്‍. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്റിന് സമീപം റോഡരികിലാണ് ട്രക്ക് കണ്ടെത്തിയത്.
ഭോപാല്‍: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കെ മധ്യപ്രദേശില്‍ കൊവിഡ് വാക്‌സിന്‍ കൊണ്ടുവന്ന ട്രക്ക് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭാരത് ബയെടെക്കിന്റെ 2,40,000 ഡോസ് കൊവാക്‌സിന്‍ മരുന്നുകളാണ് ട്രക്കിലുണ്ടായിരുന്നത്. എട്ടുകോടി രൂപയോളം വിലമതിക്കുന്നതാണ് വാക്‌സിന്‍. മധ്യപ്രദേശിലെ നാര്‍സിങ്പൂരിലെ കരേലി ബസ് സ്റ്റാന്റിന് സമീപം റോഡരികിലാണ് ട്രക്ക് കണ്ടെത്തിയത്.
വിവരം ലഭിച്ചതിന് പിന്നാലെ ലൊക്കേഷന്‍ പരിശോധന നടത്തിയ പോലിസ് ഡ്രൈവറുടെ മൊബൈല്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍, ട്രക്ക് ഡ്രൈവറെയും സഹായിയെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടങ്ങിയതായും കരേലി പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആശിഷ് ബോപാച്ചെ പറഞ്ഞു. ട്രക്കിന്റെ എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാക്‌സിന്‍ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. രാജ്യത്ത് വാക്‌സിന് വേണ്ടി സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് ഗുരുതരമായ വീഴ്ചയുണ്ടായിരിക്കുന്നത്. സംഭവത്തോട് സര്‍ക്കാര്‍ വൃത്തങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.