സിഖ് വിരുദ്ധ കലാപം: കമല്‍നാഥിനെതിരായ കേസ് കേന്ദ്രം പുനരന്വേഷിക്കുന്നു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ധനമന്ത്രി പി ചിദംബരം, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്‌ചെയ്ത് ജയിലലടച്ചിരിക്കുകയാണ്
ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ കുരുക്കാന്‍ 1984ലെ സിഖ് വിരുദ്ധ കലാപക്കേസ് വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കമല്‍നാഥിനെതിരേ പുനരന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാല്‍, കലാപക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണകമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കമല്‍നാഥ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതോടെയാണ് കേസ് വീണ്ടും വേട്ടയാടാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ സിഖ് ഗ്രൂപ്പ് കമല്‍നാഥിനെതിരേ പ്രതിഷേധിച്ചിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്റ് കേസുമായി ബന്ധപ്പെട്ട് സഹോദരി പുത്രന്‍ രതുല്‍പുരിയെ അറസ്റ്റ് ചെയ്തതിനു ദിവസങ്ങള്‍ക്കു പിന്നാലെയാണ് കമല്‍നാഥിനെതിരായ നീക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ ധനമന്ത്രി പി ചിദംബരം, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ്‌ചെയ്ത് ജയിലലടച്ചിരിക്കുകയാണ്.
1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലും മറ്റും സിഖ് വിഭാഗങ്ങള്‍ക്കു നേരെയുണ്ടായ കൂട്ടക്കൊല നടക്കുമ്പോള്‍ കമല്‍നാഥ്, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍കുമാര്‍ എന്നിവര്‍ ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം. സെന്‍ട്രല്‍ ഡല്‍ഹിയിലെ റാക്കബ്ഗഞ്ജ് ഗുരുദ്വാരയ്ക്കു പുറത്ത് തടിച്ചുകൂടിയവര്‍ രണ്ടു സിഖുകാരെ കൊലപ്പെടുത്തിയത് കമല്‍നാഥിന്റെ സാന്നിധ്യത്തിലാണെന്നാണു സാക്ഷിമൊഴി. കലാപം സംബന്ധിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ സഞ്ജയ് സൂരി ഉള്‍പ്പെടെ രണ്ടുപേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോഴും കമല്‍നാഥ് സ്ഥലത്തുണ്ടായിരുന്നതായി അറിയിച്ചിരുന്നു. എന്നാല്‍, കലാപകാരികളെ ശാന്തരാക്കുകയാണ് താന്‍ ചെയ്തതെന്നായിരുന്നു കമല്‍നാഥിന്റെ വിശദീകരണം. കലാപത്തില്‍ ഇദ്ദേഹത്തിന്റെ പങ്കിനെ കുറിച്ച് തെളിവൊന്നുമില്ലെന്ന് കമ്മീഷനും കണ്ടെത്തിയിരുന്നു.
സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കലാപവുമായി ബന്ധപ്പെട്ട് 88 പേര്‍ക്കെതിരായ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട 220 കേസുകള്‍ അന്വേഷിക്കാന്‍ രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പ്രത്യേകസംഘത്തെ നിയോഗിക്കുകയും സിഖ് കലാപത്തെ വംശഹത്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്നും കമല്‍നാഥ് രാജിവയ്ക്കണമെന്നും ബിജെപി സഖ്യകക്ഷിയായ അകാലിദള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അടിയന്തിരമായി പുറത്താക്കണമെന്നു ശിരോമണി അകാലിദള്‍ പ്രതിനിധിയും ഡല്‍ഹി എംഎല്‍എയുമായ മഞ്ജിന്ദര്‍ സിങ് സിര്‍സ ആവശ്യപ്പെട്ടു. കമല്‍നാഥിനെതിരായ രണ്ടു സാക്ഷികള്‍ക്കും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമല്‍നാഥിനെതിരായ കേസ് പുനരന്വേഷിക്കാനുള്ള തീരുമാനം സിഖുകാരുടെ വിജയമാണെന്നും കുറ്റകൃത്യങ്ങള്‍ക്ക് കമല്‍നാഥ് വിലകൊടുക്കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.

