സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റുക; ചീഫ് ജസ്റ്റിസിന് കത്തയച്ച് പതിനൊന്ന് എംപിമാർ

സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാഥ്റസിലേക്ക് പോയത്.

Update: 2021-04-25 13:55 GMT

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ മഥുരയിലെ കെഎം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദ​ഗ്ധ ചികൽസയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേരളത്തിലെ പതിനൊന്ന് എംപിമാർ സംയുക്തമായി കത്തയച്ചു.

മഥുര മെഡിക്കൽ കോളജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിൽസയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് പതിനൊന്ന് എം.പിമാർ സംയുക്തമായി കത്ത് നൽകിയത്.

മഥുര മെഡിക്കൽ കോളജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹരജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

സിദ്ദീഖ് കാപ്പൻ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ചുമതലകൾ നിറവേറ്റുന്നതിനായാണ് ഹാഥ്റസിലേക്ക് പോയത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്‌ടോബർ 5 നാണ് അദ്ദേഹം മഥുരയിൽ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയിൽ ഇക്കാര്യം പുനപരിശോധിക്കണമെന്നും, ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതുവരെ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കത്തിൽ എംപിമാർ ആവശ്യപ്പെട്ടു.

എംപിമാരായ കെ മുരളീധരൻ, ഇ ടി മുഹമ്മദ് ബഷീർ, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ, പിവി അബ്ദുൽ വഹാബ് തുടങ്ങിയവർക്കൊപ്പം ചീഫ് ജസ്റ്റീസിനോട് കത്ത് മുഖേന അഭ്യർത്ഥിച്ചു.