'ടിപ്പു റോക്കറ്റ്' ഗാലറി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു; ഹിന്ദുത്വരെ ഭയന്ന് ഔപചാരിക ഉദ്ഘാടനം ഒഴിവാക്കി

ടിപ്പു സുല്‍ത്താനെക്കുറിച്ച് ഹിന്ദുത്വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔപചാരിക ഉദ്ഘാടനം ഒഴിവാക്കിയതെന്ന് മ്യൂസിയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Update: 2019-11-25 06:53 GMT

ശിവമോഗ: ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തില്‍ (പതിനെട്ടാം നൂറ്റാണ്ട്) ഉപയോഗിച്ച ഉരുക്കു മിസൈലുകളുടെ ഗാലറി ശിവമോഗയില്‍ തുറന്നു. ഹിന്ദുത്വരെ ഭയന്ന് ഔപചാരികമായ ഉദ്ഘാടന ചടങ്ങുകള്‍ ഒന്നും ഇല്ലാതെയാണ് ഗാലറി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ടിപ്പു സുല്‍ത്താനെക്കുറിച്ച് ഹിന്ദുത്വര്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഔപചാരിക ഉദ്ഘാടനം ഒഴിവാക്കിയതെന്ന് മ്യൂസിയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൈതൃക വാരത്തിന്റെ ആദ്യ ദിനമായ ഈ മാസം 21ന് ഗാലറി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. മ്യൂസിയമായി അറിയപ്പെടുന്ന ശിവപ്പ നായക കൊട്ടാരത്തിലാണ് ഗാലറി സ്ഥാപിച്ചിരിക്കുന്നത്.

'ടിപ്പു റോക്കറ്റുകള്‍' അല്ലെങ്കില്‍ 'മൈസൂര്‍ റോക്കറ്റുകള്‍' ഉള്ള ലോകത്തെ ഏറ്റവും വലിയതും ആദ്യത്തേതുമായ ഗ്യാലറിയാണിത്. ലണ്ടനിലെ വൂള്‍വിച്ച് ആഴ്‌സണലായ റോയല്‍ ആര്‍ട്ടിലറി മ്യൂസിയത്തില്‍ ഇത്തരത്തിലുള്ള രണ്ട് റോക്കറ്റുകളുടെ ശേഖരവും ബെംഗളൂരുവിലെ സര്‍ക്കാര്‍ മ്യൂസിയത്തില്‍ മൂന്നു റോക്കറ്റുകളുമുണ്ട്. ശിവമോഗയില്‍ തുറക്കുന്നതുവരെ റോക്കറ്റുകള്‍ക്കായി പ്രത്യേക ഗാലറിയൊന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ഹൊസനഗര്‍ താലൂക്കിലെ നാഗര ഗ്രാമത്തിലെ ഉപേക്ഷിച്ച കിണറ്റില്‍ നിന്ന് കണ്ടെടുത്ത 1,700 റോക്കറ്റുകളുടെ വലിയ ശേഖരം മ്യൂസിയത്തിലുണ്ട്. എന്നാല്‍, സ്ഥലപരിമിതി മൂലം 15 എണ്ണം മാത്രമേ ഗാലറിയില്‍ സൂക്ഷിച്ചിട്ടുള്ളൂ. ശിവപ്പ നായക മ്യൂസിയത്തില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന റോക്കറ്റുകളുടെ നീളം 190 മില്ലീമീറ്റര്‍ മുതല്‍ 260 മില്ലിമീറ്റര്‍ വരെയും വ്യാസം 33 മില്ലീമീറ്റര്‍ മുതല്‍ 65 മില്ലീമീറ്റര്‍ വരെയുമാണ്. കുറഞ്ഞ ഭാരം 372 ഗ്രാമും ഏറ്റവും ഉയര്‍ന്നത് 1.75 കിലോഗ്രാമുമാണ്.

റോക്കറ്റ് കാണാനെത്തുന്നത് നിരവധി പേര്‍


നിരവധി ചരിത്രകുതുകികളാണ് 'റോക്കറ്റുകള്‍' കാണാന്‍ മ്യൂസിയത്തില്‍ എത്തുന്നത്. 'കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതിന്' ഔപചാരിക ഉദ്ഘാടനം നടത്തിയിട്ടില്ലെന്ന് പുരാവസ്തു-മ്യൂസിയം-പൈതൃക വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.ടിപ്പു ജയന്തി സര്‍ക്കാര്‍ തലത്തില്‍ ആഘോഷിക്കരുതെന്ന് ബിജെപി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഭരണാധികാരിയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. ഹിന്ദുത്വരെ ഭയന്ന് ഗ്യാലറിക്ക് ടിപ്പു റോക്കറ്റ്‌സ് ഗാലറി എന്ന് പേരിടുന്നത് ഒഴിവാക്കി പകരം മൈസൂര്‍ റോക്കറ്റ്‌സ് ഗാലറിയെന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.ആരാണ് ഈ റോക്കറ്റുകള്‍ കണ്ടുപിടിച്ചതെന്ന് വ്യക്തമല്ലെങ്കിലും ഹൈദര്‍ അലിയുടെയും മകന്‍ ടിപ്പു സുല്‍ത്താന്റെയും കാലഘട്ടത്തിലാണ് അവ ഉപയോഗിച്ചതെന്നാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്.

ആദ്യ ഉരുക്കു മിസൈല്‍ നിര്‍മിച്ചത് ടിപ്പു സുല്‍ത്താന്‍


ലോകത്ത് ആദ്യമായി ഉരുക്കിനാല്‍ നിര്‍മിച്ച മിസൈലുകള്‍ യുദ്ധഭൂമിയില്‍ ഉപയോഗിച്ചത് ടിപ്പു സുല്‍ത്താന്റെ സൈന്യമായിരുന്നുവെന്ന് ചരിത്രം. ടിപ്പുവിന്റെയും ഹൈദരലിയുടേയും മിസൈല്‍ യുദ്ധം ബ്രിട്ടീഷുകാരെ ശരിക്കും ഭയപ്പെടുത്തിയിരുന്നു.മൈസൂര്‍ യുദ്ധത്തില്‍ തങ്ങള്‍ക്കു നേരെ വരുന്ന വെടിമരുന്ന് നിറച്ച ഇരുമ്പ് ട്യൂബുകള്‍ എന്താണെന്ന് പോലും ആദ്യം ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചറിയാനായിരുന്നില്ലെന്നും ചരിത്രം പറയുന്നു.അക്കാലത്തെ ഏറ്റവും ഹാനികരമായ മിസൈലുകളുടെ നിര്‍മാണ മേഖലയില്‍ അഗ്രഗണ്യരായിരുന്നു ടിപ്പുവിന്റെ സൈന്യം. മൈസൂര്‍ യുദ്ധത്തിലാണ് വ്യാപകമായി മിസൈലുകള്‍ ഉപയോഗിക്കപ്പെട്ടത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തെ പേടിച്ചോടിക്കാന്‍ പര്യാപ്തമായിരുന്നു ടിപ്പുവിന്റെ ഈ ആയുധമെന്ന് ഫഌ് ഓഫ് ഫയര്‍ എന്ന പുസ്തകത്തില്‍ അമിതാവ് ഘോഷ് വ്യക്തമാക്കുന്നു.

മരത്തിന് പകരം ഉരുക്ക് ഉപയോഗിച്ചു

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഏറെ മുന്നോട്ടുപോയതാണ് ടിപ്പുവിന്റെ പ്രധാന നേട്ടം. മരവും മുളയും കടലാസുമൊക്കെ മാറ്റി ഇരുമ്പ് ട്യൂബുകളില്‍ വെടി മരുന്ന് നിറച്ചാണ് ടിപ്പു എതിരാളികള്‍ക്ക് നേരെ തൊടുത്തുവിട്ടിരുന്നത്. ഇത് ശത്രുപക്ഷത്ത് വലിയ നാശം വിതച്ചു. രണ്ടര കിലോമീറ്റര്‍ വരെ ദൂരത്തേക്ക് ഈ റോക്കറ്റുകള്‍ക്ക് സഞ്ചരിക്കാനായിരുന്നു. അന്നത്തെ നിലയില്‍ ഇത് ഏറ്റവും ശേഷിയുള്ള റോക്കറ്റുകളാണ്.

1780 ല്‍ നടന്ന രണ്ടാം മൈസൂര്‍ യുദ്ധത്തില്‍ ഈ മിസൈലുകള്‍ ബ്രിട്ടീഷ് സൈന്യത്തിന് കനത്ത നാശംവിതച്ചു. വില്യം ബെയ്‌ലിയുടെ നേതൃത്വത്തിലെത്തിയ ബ്രിട്ടീഷ് കമ്പനി പട്ടാളം ടിപ്പുവിന്റെ മിസൈലുകള്‍ക്ക് മുന്‍പില്‍ പിന്തിരിഞ്ഞോടി. റോക്കറ്റ് തൊടുത്തുവിടാന്‍ മാത്രമായി അയ്യായിരം പട്ടാളക്കാരാണ് ടിപ്പുവിന്റെ സൈന്യത്തിലുണ്ടായിരുന്നത്. യുദ്ധമുന്നണിയില്‍ നിന്നും തിരിഞ്ഞോടിയ വില്യം ബെയ്‌ലിക്ക് അത് വലിയ നാണക്കേടും പാഠവുമായി മാറി.

സാങ്കേതിക വിദ്യ ഏറെ മുന്നില്‍

അന്നത്തെ കാലത്ത് പാശ്ചാത്യരേക്കാള്‍ ഏറെ മുന്നിലായിരുന്നു ടിപ്പു സൈന്യത്തിന്റെ മിസൈല്‍ സാങ്കേതിക വിദ്യ. മൈസൂരില്‍ മുന്തിയ നിലവാരത്തിലുള്ള ഇരുമ്പ് ലഭിക്കുമെന്നതും മിസൈല്‍ നിര്‍മാണത്തിന് ഗുണമായി. ശ്രീരംഗപട്ടണം, ചിത്രദുര്‍ഗ, ബിദാനൂര്‍, ബെംഗളൂരു തുടങ്ങി നാല് സ്ഥലങ്ങളില്‍ ടിപ്പുവിന് റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങളുണ്ടായിരുന്നു. റോക്കറ്റ് നിര്‍മാണത്തില്‍ കഴിവുതെളിയിച്ചവരാണ് ഇവിടങ്ങളില്‍ പണിയെടുത്തിരുന്നത്. ഭാരത്തിനും വലിപ്പത്തിനും നിറയ്ക്കുന്ന വെടിമരുന്നിനു അനുസരിച്ച് മിസൈല്‍ എത്ര ദൂരം പോകുമെന്നും കണക്കാക്കാന്‍ ശേഷിയുള്ളവരായിരുന്നു ഇവര്‍.

ഒരേ സമയം 12 മിസൈലുകള്‍



ഒരേസമയം 12 മിസൈലുകള്‍ വരെ ശത്രുവിന് നേരെ തൊടുക്കാന്‍ കഴിയുന്ന വിക്ഷേപണ തറകളും ടിപ്പുവിനുണ്ടായിരുന്നു. ഇത്തരം മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റാണ് 1799ല്‍ ആര്‍തര്‍ വെല്ലസ്‌ളി തിരിഞ്ഞോടിയത്. ആദ്യമായാണ് അദ്ദേഹത്തിനും സൈന്യത്തിനും ഇത്തരമൊരു മിസൈല്‍ ആക്രമണത്തെ അഭിമുഖീകരിക്കേണ്ടി വന്നത്.

Tags:    

Similar News