തൃക്കാക്കരയില്‍ തോറ്റത് സിപിഎമ്മിന്റെ ക്രൈസ്തവ പ്രീണനവും വിഭജന രാഷ്ട്രീയവും

Update: 2022-06-03 06:55 GMT

പി സി അബ്ദുല്ല

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം സിപിഎമ്മിനുള്ള കനത്ത പ്രഹരവും പിണറായി സര്‍ക്കാരിനുള്ള ഷോക്ക് ട്രീറ്റുമെന്റും. കെ റെയില്‍ അടക്കമുള്ള സര്‍ക്കാര്‍ ധാര്‍ഷ്ട്യവും സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തവുമാണ് തൃക്കാക്കരയില്‍ വിചാരണ ചെയ്യപ്പെട്ടത്. കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രയോഗിച്ച ക്രൈസ്തവ പ്രീണനത്തിലൂന്നിയുള്ള വിഭജന രാഷ്ട്രീയമാണ് തൃക്കാക്കരയെന്ന യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കാനും സിപിഎം പയറ്റിയത്. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് അരുണ്‍കുമാറിനെ മാറ്റി സീറോ മലബാര്‍ സഭയ്ക്ക് പ്രിയപ്പെട്ട ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയത്.

പി ടി തോമസ് ജീവിതം കൊണ്ടും മരണം കൊണ്ടും സഭയോടും പൗരോഹിത്യത്തോടും പുലര്‍ത്തിയ ആര്‍ജവം വോട്ടാക്കി മാറ്റാന്‍ സിപിഎം ലക്ഷ്യമിട്ടു എന്നത് ആ പാര്‍ട്ടിയുടെ പുരോഗമന മുഖംമൂടി തൃക്കാക്കരയില്‍ വലിച്ചുകീറി. കെ റെയില്‍ അടക്കമുള്ള വിവാദങ്ങളില്‍ വോട്ടര്‍മാരോട് സംവദിച്ച് അന്തസ്സുള്ള രാഷ്ട്രീയ മല്‍സരം കാഴ്ചവയ്ക്കുന്നതിനു പകരം എങ്ങനെയും നൂറ് തികയ്ക്കാനുള്ള സിപിഎമ്മിന്റെ കുല്‍സിത നീക്കങ്ങളാണ് തൃക്കാക്കരയില്‍ മറനീങ്ങിയത്. സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ വൈദികനെയും സഭാചിഹ്‌നങ്ങളെയും സാക്ഷിയാക്കി നടത്തിയ സ്ഥാനാര്‍ഥി പ്രഖ്യാപനം ന്യായീകരിക്കാന്‍ സിപിഎം പാടുപെട്ടു. അതിനെതിരായ വിമര്‍ശനങ്ങളെ സഭയ്‌ക്കെതിരായ ആക്രമണമാക്കി ചിത്രീകരിച്ച് ധ്രൂവീകരണമുണ്ടാക്കാനും സിപിഎം ശ്രമിച്ചു.

സിപിഎം ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ 'കാസ'യടക്കമുള്ള ക്രിസ്ത്യന്‍ തീവ്രവാദ, വിദ്വേഷ ഗ്രൂപ്പുകള്‍ എല്‍ഡിഎഫിന് പരസ്യപിന്തുണയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരേ കേസെടുക്കാന്‍ പോലിസ് നിര്‍ബന്ധിതമായതോടെ ക്രിസ്ത്യന്‍ സംഘടനകള്‍ എല്‍ഡിഎഫിനെതിരായി. പി സി ജോര്‍ജ് വിഷയത്തില്‍ അറസ്റ്റ് നാടകവും ആനയിക്കലും നടത്തി ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താനായിരുന്നു പിണറായി സര്‍ക്കാരിന്റെ പിന്നത്തെ ശ്രമം. തിരഞ്ഞെടുപ്പ് പ്രചാരണം അവസനിക്കുന്ന ദിവസം വരെ ആ നാടകം സര്‍ക്കാരും പോലിസും തുടരുകയും ചെയ്തു.

നിലപാടില്ലായ്മയുടെ നെല്ലിപ്പടി വരെ താഴാന്‍ സിപിഎമ്മിന് ഒരു ഉളുപ്പുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു തൃക്കാക്കരയിലെ കാഴ്ചകളോരോന്നും. സര്‍ക്കാരിനെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് നടന്ന കിറ്റെക്‌സ് മുതലാളിയോടും ട്വന്റി ട്വന്റിയോടും നാല് വോട്ടിനുവേണ്ടി സിപിഎം അടിയറവ് പറയുന്നതും തൃക്കാക്കരയില്‍ കണ്ടു. സാബു എം ജേക്കബിനെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീനിജന്‍ എംഎല്‍എയെ ശാസിച്ച് സിപിഎം പോസ്റ്റ് പിന്‍വലിപ്പിച്ചു. കച്ചവടതാല്‍പര്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന അരാഷ്ട്രീയ സംഘടന എന്നാരോപിച്ച് സിപിഎം ശക്തമായി എതിര്‍ത്തിരുന്ന ട്വന്റി ട്വന്റിയുടേത് ഇടത് ആശയമാണെന്ന് തിരുത്തിപ്പറയേണ്ടിവന്ന എം സ്വരാജ് അടക്കമുള്ള സിപിഎം വക്താക്കളുടെ ഗതികേടും തൃക്കാക്കരയില്‍ കണ്ടു.

തൃക്കാക്കരയില്‍ സിപിഎമ്മിന്റെ ക്രൈസ്തവ പ്രീണനം പല തലങ്ങളിലും മറനീങ്ങിയിരുന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതാത് വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാരെ രംഗത്തിറക്കിയെന്ന ആരോപണമുയര്‍ന്നിരുന്നു. മന്ത്രി പി രാജീവ് ഒരുമാസത്തോളമാണ് തൃക്കാക്കരയില്‍ ക്യാംപ് ചെയ്ത്. മുഖ്യ മന്ത്രി പിണറായി വിജയന്‍ ഒട്ടേറെ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തു. ഇടത് മുന്നണി ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു തൃക്കാക്കരയില്‍ പ്രധാന ചുമതല. പാലായിലേതിനേക്കാള്‍ സജീവമായാണ് ജോസ് കെ മാണി തൃക്കാക്കരയില്‍ ഓടിനടന്നത്.

Tags:    

Similar News