രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിനവും പ്രതിദിന രോഗികള്‍ മൂന്നുലക്ഷം; 24 മണിക്കൂറിനിടെ 2,771 മരണം

ഒരുദിവസം മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 2,771 പേരാണ്. ആകെ 1.73 കോടി പേരാണ് ഇതുവരെ വൈറസ് ബാധിതരായത്. 1,97,894 മരണവും റിപോര്‍ട്ട് ചെയ്തു. 28,82,204 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 68,546 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ചികില്‍സ തേടിയവരാണ്.

Update: 2021-04-27 04:56 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിതീവ്രമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ ആറാം ദിനവും മൂന്നുലക്ഷമായിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അവധി ദിനമായതിനാല്‍ ടെസ്റ്റിങ് കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. എങ്കിലും രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.2 ലക്ഷം കടന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ഒരുദിവസം മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 2,771 പേരാണ്. ആകെ 1.73 കോടി പേരാണ് ഇതുവരെ വൈറസ് ബാധിതരായത്. 1,97,894 മരണവും റിപോര്‍ട്ട് ചെയ്തു. 28,82,204 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 68,546 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ചികില്‍സ തേടിയവരാണ്. 1,45,56,209 പേരുടെ രോഗം ഭേദമായി. 2,51,827 പേര്‍ക്ക് ഒരുദിവസം മാത്രം രോഗമുക്തി ലഭിച്ചു. ആകെ രാജ്യത്തെ 14,52,71,186 പേര്‍ ഇതുവരെ വാക്‌സിനേഷന് വിധേയമായി. 33,59,963 പേര്‍ 24 മണിക്കൂറിനിടെ കുത്തിവയ്പ്പ് എടുത്തവരാണ്.

കര്‍ണാടക, മഹാരാഷ്ട്ര, കേരളം, ഹരിയാന, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഡല്‍ഹിയിലും സ്ഥിതി ഗുരുതരമായി തുടരുന്നു. കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. പത്ത് സംസ്ഥാനങ്ങളില്‍ ഒരുലക്ഷത്തിലധികം പേരാണ് ചികില്‍സയിലുള്ളത്.

ആരോഗ്യസസംവിധാനങ്ങള്‍ക്ക് താങ്ങാനാവാത്ത വിധം രോഗബാധിതര്‍ കൂടുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരില്‍ 15 ശതമാനമാണ് ഗുരുതര ലക്ഷണങ്ങള്‍ കാട്ടുന്നത്. ഛര്‍ദി, വയറിളക്കം, ശ്വാസതടസ്സ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയുംവേഗം ചികില്‍സ തേടണം. മാരക വൈറസായതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍തന്നെ നിരീക്ഷണത്തിലേക്ക് മാറണമെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുകയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസ് ആയതുകൊണ്ട് പെട്ടെന്ന് ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ രോഗികളെയും ഓക്‌സിജന്‍ സംവിധാനമുള്ള ചികില്‍സയാണ് ആവശ്യമായിവരുന്നത്. പല ആശുപത്രികളിലും ഓക്‌സിജന്‍ ദൗര്‍ലഭ്യംമൂലം രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മടിക്കുകയാണെന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നു.

Tags: