35000 രൂപയ്ക്കു വേണ്ടി മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സിന്റ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ജീവനൊടുക്കി

ഈ തുക അടച്ചില്ലങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ഷാജിയുടെ വീട്ടില്‍ ബാങ്ക് പതിച്ച നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. ഈ ബാങ്കിന്റെ ഫീല്‍ഡ് ഓഫീസര്‍ ഇതിനിടയില്‍ പല പ്രാവശ്യമായി 15000 രൂപയോളം കൈപ്പറ്റിയതായി ഭാര്യ ശ്രീജ പറഞ്ഞു.

Update: 2019-12-04 14:08 GMT

ഈരാറ്റുപേട്ട: ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിനേത്തുടര്‍ന്ന് ഗൃഹനാഥന്‍ ബുധനാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തു. തിടനാട് പൂവത്തോട് കട്ടക്കല്‍ കോളനിയില്‍ തൊട്ടിയില്‍ ഷാജി(49)യാണ് ആത്മഹത്യ ചെയ്തത്. കൂലിപ്പണിക്കാരാനായിരുന്ന ഷാജിയുടെ മരണം മൂലം കുടുംബത്തിലെ അത്താണിയാണ് നഷ്ടപ്പെട്ടത്.

സ്വകാര്യ ബാങ്കായ മഹീന്ദ്ര റൂറല്‍ ഹൗസിങ് ഫിനാന്‍സിന്റ പാലാ ശാഖയില്‍ നിന്നും മകളുടെ വിവാഹവശ്യത്തിന് ഒരു വര്‍ഷം മുമ്പ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ഷാജി വായ്പയെടുത്തത്. സ്ഥലം പണയപ്പെടുത്തിയാണ് വായ്പ തരപ്പെടുത്തിയത്. ഒരു മാസം 4730 രൂപയാണ് ബാങ്കിലെ തിരിച്ചടവ്.നാല് മാസത്തെ അടവ് 19500 രൂപ കുടിശികയാവുകയും കൂട്ടു പലിശയടക്കം 35000 രൂപ അടയ്ക്കണമെന്ന് കഴിഞ്ഞ 29 ന് ബാങ്ക് അധികൃതര്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു.


ഈ തുക അടച്ചില്ലങ്കില്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ഷാജിയുടെ വീട്ടില്‍ ബാങ്ക് പതിച്ച നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. ഈ ബാങ്കിന്റെ ഫീല്‍ഡ് ഓഫീസര്‍ ഇതിനിടയില്‍ പല പ്രാവശ്യമായി 15000 രൂപയോളം കൈപ്പറ്റിയതായി ഭാര്യ ശ്രീജ പറഞ്ഞു. നോട്ടീസ് കിട്ടിയതിനു ശേഷം ഷാജി മനോവിഷമത്തിലായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കുകയാണെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിടനാട് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയും ചെയ്തു.

15 വര്‍ഷം മുമ്പ് സ്ഥലത്തെ ക്രൈസ്തവ ഇടവകയുടെ ശ്രമഫലമായി ഒരു വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഷാജി വീട് പണിതത്. തടിപ്പണിക്കാരനായിരുന്ന ഷാജി പലപ്പോഴായി ഭൂരിഭാഗം തുകയും അടച്ചെങ്കിലും, അവസാന നാല് മാസത്തെ അടവ് മുടങ്ങുകയായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കിടപ്പാടം ജപ്തി ചെയ്യുന്നത് സര്‍ക്കാര്‍ വിലക്കിയ സാഹചര്യത്തിലാണ് ബാങ്കിന്റെ ഈ ക്രൂര നടപടി.  

Tags:    

Similar News