'ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുക'; പ്രതിഷേധവുമായി ആയിരങ്ങള്‍ ജന്തര്‍മന്തറില്‍

Update: 2022-09-08 07:41 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സംഘപരിവാര്‍ ഭരണകൂടം വിവിധ സംസ്ഥാനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന 'ബുള്‍ഡോസര്‍ രാജി'നെതിരേ കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങള്‍ പ്രതിഷേധവുമായി ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ അണിചേര്‍ന്നു. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ആയിരക്കണക്കിനാളുകളും പുനരധിവാസമില്ലാതെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട അനൗപചാരിക മേഖലയിലെ തൊഴിലാളികളും രാജ്യതലസ്ഥാനത്ത് സംഘടിച്ചത്.

'അനധികൃതമായ കൈയേറ്റങ്ങള്‍' ആരോപിച്ച് സംഘപരിവാര്‍ ഭരണകൂടത്തിന്റെ പൊളിക്കല്‍ നോട്ടീസ് ലഭിച്ച ഗ്യാസ്പൂര്‍ ബസ്തി, ഖോരി ഗാവ് ഫരീദാബാദ്, ഹരിയാന, ഗാസിയാബാദ്, ആഗ്ര, ധോബി ഘട്ട് ക്യാംപ്, കസ്തൂര്‍ബാ നഗര്‍, ബേലാ ഘട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് തലചായ്ക്കാന്‍ മണ്ണിന് വേണ്ടി തെരുവിലിറങ്ങിയിരിക്കുന്നത്. സമ്പൂര്‍ണ പുനരധിവാസമില്ലാതെ കുടിയൊഴിപ്പിക്കല്‍ പാടില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സംഘടനകള്‍ ആവശ്യപ്പെട്ടു.

മസ്ദൂര്‍ ആവാസ് സംഘര്‍ഷ് സമിതിയും (എംഡബ്ല്യുഡബ്ല്യുഎസ്) ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയനും സംയുക്തമായാണ് പ്രകടനങ്ങള്‍ നടത്തിയത്. 'നിയമം സ്ഥാപിച്ച നടപടിക്രമങ്ങളേക്കാള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നീതി നടപ്പാക്കുന്ന സര്‍ക്കാരിന്റെ പ്രവണതയെ' അവര്‍ അപലപിച്ചു. രാജ്യത്തുടനീളമുള്ള പാവപ്പെട്ട ദലിതരുടെയും ആദിവാസികളുടെയും ഭൂമി സര്‍ക്കാര്‍ ബലമായി തട്ടിയെടുത്ത് വിരലിലെണ്ണാവുന്ന മുതലാളിമാര്‍ക്ക് വില്‍ക്കുന്നു. കൊടുങ്കാറ്റ് പോലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നത് തുടരുകയാണ്- മസ്ദൂര്‍ ആവാസ് സംഘര്‍ഷ് സമിതി കണ്‍വീനര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ കൈയേറ്റങ്ങളുടെ പേരില്‍ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച്, ഈ പൊളിച്ചുമാറ്റല്‍/കുടിയേറ്റ നീക്കങ്ങള്‍ വര്‍ഗീയ അജണ്ട ഉപയോഗിച്ച് ഊര്‍ജിതമാക്കുകയാണ്. അങ്ങനെ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കണ്‍വീനര്‍ ആരോപിച്ചു. ആറുലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കി. ഏകദേശം 1.6 കോടി ആളുകള്‍ ഇപ്പോള്‍ പലായനം ചെയ്യപ്പെടുമെന്ന ഭീഷണിയും അനിശ്ചിതത്വവും നേരിടുന്നുണ്ടെന്നും സംഘടന പറയുന്നു. ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) ഡല്‍ഹി എന്‍സിആറിലെ 63 ലക്ഷം വീടുകള്‍ ഒഴിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പുനരധിവാസത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് സംയുക്ത സംഘടനകള്‍ അവകാശപ്പെട്ടു.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡിഡിഎയ്ക്ക് 80 ശതമാനം ഭൂമി പാര്‍പ്പിട ചേരികളാണുള്ളത്. ബാക്കി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിന്റെ (DUSIB) ഉടമസ്ഥതയിലാണ്. ചില കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ഉത്തരവുണ്ടായിട്ടും ഈ പൊളിക്കലുകള്‍ക്ക് 'ബദല്‍ ഷെല്‍ട്ടര്‍' വ്യവസ്ഥകളും ലംഘിക്കപ്പെട്ടു.

'ബുള്‍ഡോസര്‍ രാജ് ബാന്‍ഡ് കരോ', 'ഷാഹ്‌രി ഗരീബോണ്‍ കോ അധികാര് ദേനാ ഹോഗാ', 'ബിനാ പുനര്‍വാസ് വിസ്താപന്‍ ബാന്‍ഡ് കരോ', 'ജിസ് ജമീന്‍ പര്‍ ബേസിന്‍ ഹേ, ജോ സമീന്‍ സര്‍ക്കാര്‍ ഹേ, വോ സമീന്‍ ഹുമാരി ഹായ്!' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. നിര്‍ബന്ധിത കുടിയിറക്കലിന്റെ രൂപത്തിലുള്ള ആധുനിക കാലത്തെ അടിമത്തം നിര്‍ത്തലാക്കുന്നതിന്, കുടിയൊഴിപ്പിക്കപ്പെടുന്നതിന് മുമ്പ് സമ്പൂര്‍ണ പുനരധിവാസം നല്‍കാനും ആവശ്യമായ അറിയിപ്പ് നല്‍കാനും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം പ്രധാനമന്ത്രിക്കും നഗരകാര്യ മന്ത്രിക്കും സംഘടനകള്‍ സമര്‍പ്പിച്ചു.

Tags:    

Similar News