പട്ടേലിനെ അംഗീകരിക്കുന്നവര്‍ കര്‍ഷകവിരുദ്ധനയങ്ങള്‍ നടപ്പാക്കരുത്; ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ കാര്‍ഡുമായി രാഹുല്‍

Update: 2022-09-05 12:00 GMT

അടുത്ത തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് നിയമസഭയില്‍ ആധിപത്യമുറപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ കാര്‍ഡിറക്കിക്കളിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. സര്‍ദാര്‍ പട്ടേലിന്റെ ഇമേജിനോട് ഏറെ പ്രതിബദ്ധത പുലര്‍ത്തുന്ന ഹിന്ദു പട്ടേല്‍ വിഭാഗങ്ങളെയും ഹിന്ദുത്വചായ്‌വുള്ളവരെയും സ്വന്തം പക്ഷത്തേക്ക് നീക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ പരീക്ഷണം. അഹമ്മദാബാദില്‍ നടന്ന പൊതുസമ്മേളനത്തിലാണ് രാഹുല്‍ പുതിയ നീക്കത്തിന് തുടക്കം കുറിച്ചത്.

സര്‍ദാര്‍ പട്ടേലിന്റെ പ്രത്യയശാസ്ത്രത്തില്‍ ബി.ജെ.പി ഗൗരവമായി വിശ്വസിക്കുന്നുണ്ടെങ്കില്‍ കര്‍ഷകവിരുദ്ധ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരികയും പാസാക്കുകയും ചെയ്യുമായിരുന്നില്ലെന്ന് ബിജെപിയെ രാഹുല്‍ കുറ്റപ്പെടുത്തി.

'സര്‍ദാര്‍ പട്ടേല്‍ തന്റെ ജീവിതകാലം മുഴുവന്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പോരാടി, എന്നാല്‍ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന് നേരെ വിപരീതമാണ് പ്രവര്‍ത്തിക്കുന്നത്. അവരെ എങ്ങനെ സര്‍ദാര്‍ പട്ടേലിന്റെ അനുയായികള്‍ എന്ന് വിളിക്കും? സര്‍ദാറിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ അവര്‍ നിര്‍മിച്ചു, പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസവും തത്വശാസ്ത്രവും പ്രത്യയശാസ്ത്രവും മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു-പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ദാര്‍ പട്ടേല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് പ്രതിഷേധത്തിനോ പ്രക്ഷോഭത്തിനോ അനുമതി വാങ്ങിയതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? തങ്ങള്‍ സര്‍ദാറില്‍ വിശ്വസിക്കുന്നുവെന്ന് ബിജെപി അവകാശപ്പെടുന്നു, എന്നാല്‍ അവരുടെ ഭരണത്തില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനും പ്രതിഷേധത്തിനും അനുമതി വാങ്ങണം, ഇത് സര്‍ദാര്‍ ഒരിക്കലും സഹിക്കില്ലായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബിജെപിയെ താഴെയിറക്കാന്‍ അദ്ദേഹം നിങ്ങളോട് ആവശ്യപ്പെടുമായിരുന്നു-രാഹുല്‍ പറഞ്ഞു.

പട്ടേലിന്റെ രാഷ്ട്രീയപൈതൃകം അവകാശപ്പെട്ടുകൊണ്ടാണ് ബിജെപി ഏറെ കാലമായി ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതേ പ്രതിബിംബത്തെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും സ്വീകരിക്കാന്‍ ശ്രമിക്കുന്നത്.

തൊഴിലില്ലായ്മയെയും വിലക്കയറ്റവും സൃഷ്ടിക്കുന്ന ബിജെപിയുടെ ഭരണത്തെ അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ 10 ലക്ഷം യുവാക്കള്‍ക്ക് ജോലി, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍, 3,000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ എന്നിവ വാഗ്ദാനംചെയ്തു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും ബന്ധുക്കള്‍ക്കും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അവകാശപ്പെട്ടു.

ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് മാത്രമേ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്നും മെഗാ യൂനിറ്റുകളല്ല, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ക്കുമാേ്രത അത് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: