ടിയാൻമെൻ സ്‌ക്വയർ കൂട്ടക്കൊല: ഇന്നേക്ക് മുപ്പത് വർഷം

1989 ജൂണ്‍ നാലിന് നടന്ന ടിയാൻമെൻ സ്‌ക്വയർ കൂട്ടക്കൊല ചരിത്രത്തിൽ നിന്ന് തന്നെ മായ്ച്ചു കളയാനാണ് ചൈനീസ് ഭരണകൂടവും അതിനെ നയിക്കുന്ന കമ്യുണിസ്റ്റ് പാർട്ടിയും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

Update: 2019-06-04 10:20 GMT

ബീജിങ്: ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നടത്തിയതിന് ചൈനീസ് ഭരണകൂടം പതിനായിരക്കണക്കിന് യുവാക്കളെയും വിദ്യാർത്ഥികളെയും കൂട്ടക്കൊല ചെയ്തിട്ട് ഇന്നേക്ക് മുപ്പത് വർഷം. ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അന്ന് ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ നേരിട്ടത് ടാങ്കറുകളും തോക്കുകളും കൊണ്ടാണ്. 1989 ജൂണ്‍ നാലിന് നടന്ന ടിയാൻമെൻ സ്‌ക്വയർ കൂട്ടക്കൊല ചരിത്രത്തിൽ നിന്ന് തന്നെ മായ്ച്ചു കളയാനാണ് ചൈനീസ് ഭരണകൂടവും അതിനെ നയിക്കുന്ന കമ്യുണിസ്റ്റ് പാർട്ടിയും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

ടിയാൻമെൻ കൂട്ടക്കൊലയുടെ വാർഷികത്തിന് ഒത്തുകൂടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ചൈന ഇന്ന് മാറിയിരിക്കുന്നു. ഇന്ന് ടിയാൻമെൻ സ്‌ക്വയറിൽ പ്രതിഷേധ സൂചകമായി നിരവധി ആക്ടിവിസ്റ്റുകൾ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് ടിയാൻമെൻ പ്രക്ഷോഭത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റ് ദി ഗാർഡിയൻ പത്രത്തോട് പ്രതികരിച്ചതായി റിപോർട്ടുകൾ ഉണ്ട്.

ടിയാൻമെൻ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുപോലും ഇന്നും ലഭ്യമല്ല. നൂറുകണക്കിന് ആളുകള്‍ എന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയും ഭരണകൂടവും പറയുമ്പോള്‍ കൊല്ലപ്പെട്ടവർ 10,000 ത്തിലേറെ വരുമെന്ന് അനൗദ്യോഗിക റിപോർട്ടുകളുണ്ട്. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധക്കാരെ നേരിട്ടുകൊണ്ട് കുതിക്കുന്ന ചൈനീസ് സൈനിക ടാങ്കിന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന ഒരു യുവാവിൻറെ ചിത്രമാണ് അവശേഷിക്കുന്ന തെളിവ് എന്ന് തന്നെ പറയാം. ആ പ്രതിഷേധക്കാരന് 19 വയസ്സായിരുന്നു അന്ന്, ആർക്കിയോളജി വിദ്യാര്‍ത്ഥി വാങ് വൈലന്‍ ആണെന്നാണ് ചില മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തിരുന്നത്. എന്നാൽ അദ്ദേഹം എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയുന്നത് ചൈനീസ് ഭരണകൂടത്തിന് മാത്രമാണ്.

ചൈനയില്‍ മാവോ സെ തുങ്ങിന് ശേഷം നടന്ന പരിഷ്‌ക്കാരങ്ങളെ എതിർത്തുകൊണ്ടാണ് 1980 കളുടെ അവസാനത്തില്‍ പ്രക്ഷോഭങ്ങൾ അരങ്ങേറിയത്. സാമ്പത്തിക രംഗത്ത് മാവോയുടെ മാതൃകകള്‍ അവസാനിപ്പിച്ച് ഡെങ്ങ് സിയാവോ പിങ്ങ് കൊണ്ടുവന്ന മുതലാളിത്ത അനുകൂല നിലപാടുകൾ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ മുഴുവൻ തകർത്ത് ഏകാധിപത്യ പ്രവണതകളിലേക്ക് നടന്നു നീങ്ങിയതിൻറെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കൂട്ടക്കൊല. ഈ ഏകാധിപത്യ പ്രവണതകൾക്ക് അനുകൂലമായി അന്നത്തെ മാവോവാദികളും ഡെങ് സിയാവോ പിങിന് ഒപ്പം ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.

ചൈനയിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണത്തിലെ അഴിമതിയും ഇവരെ പ്രക്ഷോഭത്തിലേക്ക് നയിച്ചതിന് കാരണമായി. ടിയാന്‍മെന്‍ സ്‌ക്വയറില്‍ മാത്രമായിരുന്നില്ല 300 ലധികം ചെറുതും വലുതുമായ നഗരങ്ങളിലും പ്രക്ഷോഭം ശക്തമായിരുന്നു. മിഖായേല്‍ ഗോര്‍ബച്ചേവ് ചൈന സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് കലാപം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. ഗോര്‍ബച്ചേവിൻറെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈനയിലേക്ക് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ വരുന്നതിന് മുമ്പ് പ്രക്ഷോഭം അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഇപ്പോഴത്തെ പരമോന്നത നേതാവ് സീ ജിന്‍പിങ് പാർട്ടിയിലും ഭരണത്തിലും പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ, വിവിധ പ്രദേശങ്ങളില്‍ ചെറു സമരങ്ങള്‍ നടക്കുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളെ ചെറുക്കുന്ന മാവോവാദികൾ മുതല്‍ പാശ്ചാത്യ മാതൃകയിലുള്ള ലിബറല്‍ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ വരെ ഇന്ന് പ്രക്ഷോഭത്തിലാണ്. 

Tags:    

Similar News