ലൈംഗിക പീഡനത്തിന് ശരീരത്തില്‍ നേരിട്ടുള്ള സ്പര്‍ശം നിര്‍ബന്ധമെന്ന് വിധിച്ച ജഡ്ജിക്ക് സ്ഥിരനിയമനമില്ല; നിലപാട് കടുപ്പിച്ച് സുപ്രിംകോടതി കൊളീജിയം
ന്യൂഡല്‍ഹി: ലൈംഗിക പീഡനമാവണമെങ്കില്‍ ശരീരത്തില്‍ നേരിട്ടുള്ള സ്പര്‍ശം നിര്‍ബന്ധമെന്ന് വിധിച്ച ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയെ സ്ഥിരം ജഡ്ജിയാക്കേണ്ടതില്ലെന്ന് സുപ്രിംകോടതി കൊളീജിയം. ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി പുഷ്പ വി ഗനേഡിവാലയ്‌ക്കെതിരേയാണ് സുപ്രിംകോടതി നിലപാടെടുത്തത്. അടുത്ത കാലത്തായി ജസ്റ്റിസ് പുഷ്പ പുറപ്പെടുവിച്ച പോക്‌സൊ കേസിലെയടക്കം രണ്ട് വിധികള്‍ പഠിച്ച ശേഷമാണ് സുപ്രിംകോടതി കടുത്ത നിലപാടെടുത്തത്.
കൊളീജിയത്തിന്റെ നിലപാടിന്റെ അവസാന അര്‍ത്ഥം അവര്‍ താമസിയാതെ ജില്ലാ ജഡ്ജിയായി തരംതാഴ്ത്തപ്പെട്ടേക്കാമെന്നാണ്.
ജസ്റ്റിസ് പുഷ്പയുടെ വിധികളില്‍ സ്ഥിരം ചില പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്ന് നിരീക്ഷിച്ച കൊളീജിയം അവര്‍ക്ക് ട്രയിനിങ്ങ് ആവശ്യമാണെന്നും ഒരു അഭിഭാഷകയെന്ന നിലയില്‍ പലതരം കേസുകളിലൂടെ കടന്നുപോയ പരിചയമില്ലെന്നും വിലയിരുത്തി.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ് തുടങ്ങിയവര്‍ അടങ്ങിയ ബെഞ്ചാണ് അത്യപൂര്‍വമായ നിലപാട് സ്വീകരിച്ചത്.
ഹൈക്കോടതിയില്‍ കേസുകള്‍ കെട്ടിക്കിടക്കുമ്പോഴാണ് ജില്ലാ ജഡ്ജിമാരെയോ ബാറിലെ സീനിയര്‍ അഭിഭാഷകരെയോ അഡീഷണല്‍ ജഡ്ജിമാരായി നിയമിക്കുന്നത്. പല കേസിലും രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ കാലാവധിയായും ഇത് കണക്കാക്കാറുണ്ട്. തുടര്‍ന്ന് അവരെ സ്ഥിരം ജഡ്ജിമാരാക്കും. അങ്ങനെ നിയമിക്കുന്നവരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാണ്.
1962ല്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച ജസ്റ്റിസ് പുഷ്പ 2007ലാണ് ജില്ലാ ജഡ്ജിയാവുന്നത്.
തന്റെ മുന്നിലെത്തിയ ഒരു പോക്‌സൊ കേസിലാണ് അവര്‍ വസ്ത്രങ്ങള്‍ക്കു മുകളിലൂടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പീഡനമല്ലെന്ന് വിധിച്ചത്.
