സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി

നിരപരാധിയാണെന്നും നുണ പരിശോധനയുള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയാറാണെന്നും സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു.

Update: 2021-01-22 06:59 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പോലിസ് അന്യായമായി അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉമ്മയെ കാണാന്‍ അവസരം ഒരുക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദേശം. ഒരാഴ്ച്ചക്കകം അനുമതി നല്‍കണമെന്നാണ് എതിര്‍ കക്ഷിയായ യു പി സര്‍ക്കാറിനോട് നിര്‍ദേശിച്ചത്.

സിദ്ധിഖ് കാപ്പനെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ ഡിസംബര്‍ 14ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ഇന്നത്തേക്ക് നീട്ടിവക്കുകയായിരുന്നു. അതിനിടെ നിരപരാധിയാണെന്നും നുണ പരിശോധനയുള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയാറാണെന്നും സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ മുഖേന അറിയിച്ചു. തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാമെന്നും അഭിഭാഷകനായ വില്‍സ് മാത്യു മുഖേന സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News