സിദ്ദീഖ് കാപ്പന്റെ ചികില്‍സാ രേഖകള്‍ ഹാജരാക്കണം; യു പി സര്‍ക്കാറിനോട് സുപ്രിം കോടതി

സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു

Update: 2021-04-27 06:35 GMT

ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പന്റെ ചികില്‍സാ രേഖകള്‍ എത്രയും വേഗം ഹാജരാക്കാന്‍ യു പി സര്‍ക്കാറിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. സാധിക്കുമെങ്കില്‍ ഇന്നു തന്നെ, അല്ലെങ്കില്‍ നാളെ എന്നാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് യു പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. കൊവിഡ് ബാധിതനായ സിദ്ദീഖ് കാപ്പനെ മൃഗത്തെപ്പോലെ ചങ്ങലകളാല്‍ ബന്ധിച്ചാണ് ആശുപത്രിയില്‍ കിടത്തിയതെന്ന ഹരജി പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം.

ആദ്യം മെഡിക്കല്‍ രേഖകള്‍ പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രിം കോടതി പറഞ്ഞു. പറ്റുമെങ്കില്‍ ഇന്നു തന്നെ രേഖകള്‍ എത്തിക്കാനും ആവശ്യപ്പെട്ടു.

ഹരജി പരിഗണിക്കുന്നതിന് മുന്‍പ് സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് കേസ് നാളത്തേക്ക് മാറ്റിവെക്കാനാവുമോ എന്ന് സോളിസിറ്റര്‍ ജനറല്‍ ചോദിച്ചെങ്കിലും സുപ്രിം കോടതി അംഗീകരിച്ചില്ല. ഇന്നു തന്നെ പരിഗണിക്കുകയാണെന്ന് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

സിദ്ദീഖ് കാപ്പനെ ആശുപത്രിയില്‍ ചങ്ങലയില്‍ കെട്ടിയിട്ടിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സിദ്ദീഖ് കാപ്പനെതിരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും അദ്ദേഹം നിയമാനുസൃതമായ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്നതിനാല്‍, ഹേബിയസ് കോര്‍പ്പസ് ഹരജി നിലനില്‍ക്കില്ല, പകരം സാധാരണ ജാമ്യാപേക്ഷ നല്‍കാമെന്നും തുഷാര്‍ മേത്ത വാദമുന്നയിച്ചു.

Tags:    

Similar News