കൊന്നാല്‍ തീരുമോ? തെരുവുനായപ്രശ്‌നം നിയന്ത്രണവിധേയമാക്കിയ മദ്രാസ് മോഡല്‍
പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍തന്നെ മദ്രാസ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായിരുന്നു തെരുവുനായ്ക്കകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. എല്ലാവരെയും പോലെ മദ്രാസ് കോര്‍പറേഷന്‍ അധികൃതരും നായ്ക്കളെ കൊന്നുതീര്‍ക്കാമെന്നാണ് കരുതിയത്. വിഷംകൊടുത്തും വെള്ളത്തില്‍ മുക്കിയും വിഷം കുത്തിവച്ചുമൊക്കെ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. ഒരു നൂറ്റാണ്ട് കാലം കൊണ്ട് നൂറുകണക്കിന് കോടി രൂപയാണ് ഈ ഇനത്തില്‍ മദ്രാസ് കോര്‍പറേഷന്‍ ചെലവഴിച്ചത്. എന്നിട്ടും നഗരത്തിലെ ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്നായി തെരുവനായ്ക്കള്‍ അവശേഷിച്ചു.
പക്ഷിപ്പനിയും പന്നിപ്പനിയും വന്നാല്‍ സാധാരണ ആ ജീവികളെ കൂട്ടത്തോടെ കൊന്നൊടുക്കാറുണ്ട്. അതുപോലെ തെരുവുനായ്ക്കള്‍ മനുഷ്യന്റെ നിത്യജീവിതത്തിന് വിഘാതമായാല്‍ അവയെയും കൊന്നുതീര്‍ക്കാമല്ലോ എന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്. അതുവഴി പകര്‍ച്ചവ്യാധികളും മറ്റും നിയന്ത്രണവിധേയമാക്കാനും പറ്റും. വന്ധ്യംകരണവും വാക്‌സിനേഷനും പോലുള്ളവ ചെലവേറിയവയാണ്. കൊല്ലാന്‍ തീരുമാനിച്ചാല്‍ ഈ ചെലവ് കുറയ്ക്കാനാവും എന്നുമാത്രമല്ല, നായ്ക്കളെ നിയന്ത്രിക്കാനും കഴിയുമെന്ന് പലരും കരുതുന്നു.
എന്നാല്‍ തെരുവ്‌നായ്ക്കളെ കൊല്ലുന്നത് അവയുടെ നിയന്ത്രണത്തിനും പേവിഷബാധ തടയുന്നതിനുമുള്ള ഒരു സുസ്ഥിര സമ്പ്രദായമല്ലെന്നാണ് പല അനുഭവങ്ങളും തെളിയിക്കുന്നത്.
തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനുമായി 1860കളില്‍ മദ്രാസ് (ചെന്നൈ) കോര്‍പ്പറേഷന്‍ തെരുവ് നായ്ക്കളെ കൊല്ലാന്‍ തീരുമാനിച്ചു. 'പിടിക്കുക, കൊല്ലുക' എന്നതായിരുന്നു കോര്‍പ്പറേഷന്റെ നയം. തുടക്കത്തില്‍ പ്രതിദിനം ശരാശരി ഒരു നായ എന്നതില്‍ നിന്ന് 1996 ആയപ്പോഴേക്കും ശരാശരി 135 നായ്ക്കളെ പിടികൂടി കൊലപ്പെടുത്തി. ഇങ്ങനെ ഓരോ വര്‍ഷവും ഒരു ലക്ഷത്തി മുപ്പതിനായിരം തെരുവുനായ്ക്കളെ സര്‍ക്കാരിന്റെ ഒത്താശയോടെ കൊന്നൊടുക്കിയെന്നാണ് കണക്ക്.
1970കളുടെ തുടക്കത്തില്‍ കോര്‍പ്പറേഷന്‍ കൊന്നൊടുക്കിയ തെരുവുനായ്ക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഈ നായ്ക്കളുടെ തോലുപയോഗിച്ച് മദ്രാസ് ആസ്ഥാനമായുള്ള സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അക്കാലത്ത് നെക്ലേസുകളും വാലറ്റുകളും നിര്‍മിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കാന്‍ തുടങ്ങിയ കൊന്നൊടുക്കല്‍ പദ്ധതി സ്വാതന്ത്ര്യത്തിനുശേഷവും മാറ്റമില്ലാതെ തുടര്‍ന്നു. പക്ഷേ, വര്‍ഷങ്ങളായി നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടും, പേവിഷബാധയില്‍ നിന്ന് മുക്തി നേടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കോര്‍പറേഷനായില്ല.
1964ല്‍, ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടന, തെരുവ് നായ്ക്കളെ കൊല്ലുന്നതിനുപകരം വന്ധ്യംകരണവും വാക്‌സിനേഷനും നിര്‍ദേശിച്ചു. ശാസ്ത്രീയ ബ്രീഡിംഗ് കണ്‍ട്രോളും (എബിസി) റാബിസ് വാക്‌സിനേഷനുമാണ് (എആര്‍) നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഈ മാര്‍ഗങ്ങള്‍ പരിഗണിക്കാന്‍ കോര്‍പറേഷന്‍ തയ്യാറായില്ല.
എന്നാല്‍ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ നേരിട്ട് തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രക്ഷപ്പെടുത്തിയ തെരുവ് നായ്ക്കളില്‍ ബ്രീഡിംഗ് നിയന്ത്രണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പും നടത്തി. അപ്പോഴും കോര്‍പറേഷന്‍ നായ്ക്കളെ കൊല്ലുന്ന പരിപാടി തുടര്‍ന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കോര്‍പ്പറേഷന്‍ നടപടികളെ പിന്തുണച്ചു. എന്നിട്ടും റാബിസ് വ്യാപനം കുറഞ്ഞില്ല.
ഈ ഘട്ടത്തില്‍ അവര്‍ പുനര്‍വചിന്തനത്തിന് ശ്രമിച്ചു. 1995-1996 കാലഘട്ടത്തില്‍, എല്ലാ നായ്ക്കളെയും വന്ധ്യംകരിക്കാനും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും സര്‍ക്കാര്‍ തയ്യാറായി. 1996ല്‍ അന്നത്തെ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ എസ്. അബുല്‍ ഹസ്സന്‍, ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയ്ക്ക് സൗത്ത് മദ്രാസില്‍ എബിസി-എആര്‍ പ്രോഗ്രാം നടത്താന്‍ അനുമതി നല്‍കി. നടപടിക്രമങ്ങളും പരീക്ഷണഫലവും കമ്മീഷണര്‍ നേരിട്ട് നിരീക്ഷിക്കുമെന്നും അറിയിച്ചു. 1995ല്‍, ബ്ലൂ ക്രോസ് ഓഫ് ഇന്ത്യ സൗത്ത് ചെന്നൈയില്‍ എബിസി-എആര്‍ പ്രോഗ്രാം നടപ്പാക്കിത്തുടങ്ങി. ആ സമയത്തും നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തെരുവ് നായ്ക്കളെ പിടികൂടി കൊല്ലുന്ന പണിതുടര്‍ന്നു.
തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയുടെ പുതിയ രീതി ഫലപ്രദമായിരുന്നു. 1996 സെപ്തംബറില്‍ നായ്ക്കളെ കൊന്നൊടുക്കുന്ന പരിപാടി കോര്‍പ്പറേഷന്‍ നിര്‍ത്തലാക്കി. പകരം എബിസി-എആര്‍ പദ്ധതി തുടങ്ങി. 1996ല്‍, ദക്ഷിണ ചെന്നൈയില്‍ ആദ്യത്തെ എബിസി സെന്റര്‍ ആരംഭിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ എബിസി സെന്ററുകള്‍ സ്ഥാപിക്കപ്പെട്ടു. 'കൊല്ലണം' എന്ന നയത്തില്‍ നിന്ന് 'കൊല്ലരുത്' നയത്തിലേക്ക് മദ്രാസ് കോര്‍പ്പറേഷന്‍ മാറാന്‍ 136 വര്‍ഷമെടുത്തു.
1996ല്‍ മദ്രാസില്‍ റാബിസ് കേസുകളുടെ എണ്ണം 120 ആയിരുന്നു. ആദ്യത്തെ എബിസി സെന്റര്‍ തുറന്ന് പത്ത് വര്‍ഷത്തിന് ശേഷം 2007ല്‍ ചെന്നൈയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട പേവിഷബാധയുടെ എണ്ണം പൂജ്യമായിരുന്നു.
ഇതൊരു പാഠമാണ്. പഠിക്കേണ്ട പാഠം.
കടപ്പാട്:india.postsen.com

