ലോക്ക് ഡൗണ്‍; ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

Update: 2020-03-30 06:37 GMT

ന്യൂഡല്‍ഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളില്‍ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്രം. ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നതിനുള്ള പ്രധാന കാരണം ജോലിയില്ലാതാകുകയും താമസ സ്ഥലത്തിന് വാടക കൊടുക്കണ്ടി വരും എന്നുള്ള ഭയവുമാണെന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കെട്ടിട ഉടമസ്ഥര്‍ പാവപ്പെട്ടവരും ദിവസവേതനക്കാരുമായ തന്റെ വാടകക്കാരില്‍ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ദിവസവേതനക്കാര്‍ക്ക് ഇത്രയും നാള്‍ കൊടുക്കണ്ട വേതനക്കുടിശ്ശിക യാതൊരു കുറവും വരുത്താതെ എത്രയും പെട്ടന്ന് കൊടുത്തു തീര്‍ത്തിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് മൂന്നാഴ്ചത്തേ ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കുന്നതിന് വിവിധ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും സ്വന്തം ഗ്രാമങ്ങളില്‍ എത്തിയവര്‍ 14 ദിവസം വീടുകളില്‍ തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News