വയനാട്ടിലെ മുട്ടിലിലും മറ്റ് ജില്ലകളിലും നടന്ന മരം കൊള്ളയെക്കുറിച്ച് വനം, റവന്യൂ വകുപ്പുകൾക്ക് ഭിന്നസ്വരം
സംസ്ഥാനത്തൊട്ടാകെ 2398 മരങ്ങൾ മുറിച്ചെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. അതേസമയം, 2419 മരങ്ങൾ മുറിച്ചെന്നും, ഇതിൽ 2248 എണ്ണം തേക്കും, 171 എണ്ണം ഈട്ടിയുമാണെന്നും വനം വകുപ്പ് പറയുന്നു.
തിരുവനന്തപുരം: വിവാദ മരം മുറി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ മുട്ടിലിലും മറ്റ് ജില്ലകളിലും നടന്ന മരം മുറിയെക്കുറിച്ച് വനം, റവന്യൂ വകുപ്പുകൾക്ക് ഭിന്നസ്വരം. 1964ലെ ഭൂപതിവ് ചട്ട പ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ നിന്ന് സംസ്ഥാനത്തൊട്ടാകെ 2398 മരങ്ങൾ മുറിച്ചെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്. അതേസമയം, 2419 മരങ്ങൾ മുറിച്ചെന്നും, ഇതിൽ 2248 എണ്ണം തേക്കും, 171 എണ്ണം ഈട്ടിയുമാണെന്നും വനം വകുപ്പ് പറയുന്നു.
വില്ലേജ് ഓഫീസർമാരും ഡെപ്യൂട്ടി തഹസിൽദാർമാരും നൽകിയ കണക്കുകളെ അടിസ്ഥാനമാക്കി ജില്ലാ കലക്ടർമാരാണ് റിപോർട്ട് നൽകിയത്. റവന്യൂ വകുപ്പിന്റെ കണക്കുപ്രകാരം 989 മരങ്ങൾ പട്ടയ ഭൂമിയിൽ നിന്നുള്ളതാണ്. എന്നാൽ പുറത്തുവന്ന റിപോർട്ടുകളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തിൽ ഒദ്യോഗിക കണക്കുകളുമായി പൊരുത്തപ്പെടുന്നതല്ല.
ഇടുക്കി-393, എറണാകുളം- 884, തൃശൂർ- 789, കോഴിക്കോട് -7, വയനാട്-258, കാസർകോട് 24 , കൊല്ലം 49 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. വി വേണു സർക്കുലർ ഇറക്കിയ 2020 മാർച്ച് 11നും, 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവ് പിൻവലിച്ച 2021 ഫെബ്രുവരി 2 നും ഇടയിൽ മുറിച്ച മരങ്ങളുടെ കണക്കാണ് റവന്യൂ വകുപ്പ് എടുത്തത്. 17 താലൂക്കുകളിലെ 61 വില്ലേജുകളിലായി 297 കേസുകളിലാണ് മരം മുറിച്ച വിവരങ്ങളുള്ളത്.
കൊല്ലം ജില്ലയിൽ ചിതറ -3, തെന്മല -31, ഇടുക്കിയിൽ മന്നൻകണ്ടം -142, വെള്ളത്തൂവൽ -153, എറണാകുളത്ത് നേര്യമംഗലം-504, കുട്ടമ്പുഴ -348, തൃശൂർ ജില്ലിയൽ തെക്കുകരം 171, മാടക്കത്തറ-96, വയനാട്ടിൽ മുട്ടിൽ -129 എന്നിങ്ങനെയാണ് മുറിച്ച മരത്തിന്റെ കണക്ക്. പലയിടങ്ങളിലും മരം മുറിച്ചതിന് ശേഷമാണ് കൈവശക്കാർ വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. മരം മുറിക്കുന്നതിനോ, മുറിച്ച മരം പുറത്തേക്ക് കൊണ്ടുപോകുന്നതിനോ അനുവാദം നൽകുന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ചിരുന്നില്ല.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റേഞ്ചിൽ നിന്ന് 3919 മരങ്ങളും അഗളി റേഞ്ചിൽ നിന്ന് 3500 മരങ്ങളും മുറിച്ചെന്നാണ് വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ നൽകിയ റിപോർട്ടിൽ പറഞ്ഞത്. എന്നാൽ ഈ കണക്ക് പുതുതായി വന്ന റിപോർട്ടിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. മരംകൊള്ളയും നിയമവിധേയമായ മരംമുറിയും കൂട്ടിക്കെട്ടി പാലക്കാട്ടെ കർഷകരെ ബലിയാടാക്കാനുള്ള നീക്കമാണിതിന് പിന്നിലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ആ ആക്ഷേപം ശരിവയ്ക്കുന്നതാണ് പുതിയ റിപോർട്ട്.
റവന്യൂ-വനം വകുപ്പുകളുടെ റിപോർട്ടിൽ മലപ്പുറം ജില്ലയിൽ നടന്ന അനധികൃത മരംമുറിയുടെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഗൗരവതരമാണ്. കരുളായി, പൂക്കോട്ടുംപാടം റെയ്ഞ്ചിൽ നിന്നായി തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസുകൾ എടുത്തിട്ടുണ്ടെങ്കിലും പുറത്തുവരുന്ന കണക്കുകളിൽ ഇത് ഉൾപ്പെട്ടിട്ടില്ല. രാഷ്ട്രീയ ഗൂഡാലോചനയാണോ ഇതിന് പിന്നിലെന്ന സംശയം കൂടുതൽ ബലപ്പെടുകയാണ്.

