കാര്‍ഷിക നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കി

ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്

Update: 2020-12-31 06:02 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പ്രമേയം പാസാക്കി. ബിജെപി അംഗം ഒ രാജഗോപാല്‍ ഒഴികെ എല്ലാവരും അനുകൂലമായി വോട്ടു ചെയ്തു. നിയമസഭ പ്രത്യേകമായി യോഗം ചേര്‍ന്ന് ശബ്ദവോട്ടോടെയാണ് കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്.


കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം മുഖ്യമന്ത്രിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.നിയമത്തിനെതിരായ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനും പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് പ്രമേയം.


സമ്മേളനത്തിന് മുന്നോടിയായി ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മുഖ്യമന്ത്രിയുടെ പ്രമേയത്തെ അനുകൂലിച്ച് പ്രതിപക്ഷത്ത് നിന്ന് കെ.സി ജോസഫ് സംസാരിച്ചു. കര്‍ഷക സമരം രണ്ടാം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന് പ്രമേയത്തെ അനുകൂലിച്ച് സംസാരിക്കവേ അനൂപ് ജേക്കബ് കുറ്റപ്പെടുത്തി. കര്‍ഷക പ്രക്ഷോഭം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പ്രശ്‌നമാക്കി തീര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമേയത്തെ പിന്തുണച്ച് സംസാരിക്കവേ മാണി സി കാപ്പന്‍ ആരോപിച്ചു. കേന്ദ്ര നിയമം കര്‍ഷക താത്പര്യത്തിന് യോജിച്ചതാണെന്നും സിപിഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ട നിയമമാണിതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. അതേ സമയം പ്രമേയത്തെ എതിര്‍ത്തില്ലെന്ന് ഒ രാജഗോപാല്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.




Tags:    

Similar News