ക്ഷേത്രം ഓഫിസില്‍ കയറി ജീവനക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ആര്‍എസ്എസ് സംഘം അറസ്റ്റില്‍

Update: 2022-06-07 05:17 GMT

കണ്ണൂര്‍: ക്ഷേത്രം ഓഫിസില്‍ കയറി ജീവനക്കാരനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് സംഘം അറസ്റ്റില്‍. കണ്ണൂര്‍ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം ജീവനക്കാരന് നേരെയാണ് ആക്രമണം അരങ്ങേറിയത്. ക്ഷേത്രം ഓഫിസില്‍ അതിക്രമിച്ച് കയറി ആര്‍എസ്എസ് സംഘം ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.


Full View


ക്ഷേത്രത്തില്‍ കയറി നിഷ്ഠുരമായ അക്രമം നടത്തുന്ന വര്‍ഗീയവാദികള്‍ വിശ്വാസി സമൂഹത്തിന് എതിരാണെന്ന് എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് തിങ്കളാഴ്ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തില്‍ നടന്ന ആക്രമണം.

ക്ഷേത്രം ഓഫിസില്‍ കയറി ജീവനക്കാരനായ വി ഷിബിനെ കൊടുവാള്‍ കൊണ്ടു മാരകമായി വെട്ടിയ അക്രമികള്‍ തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. സ്ത്രീകള്‍ അടക്കമുള്ള ഭക്തജനങ്ങളുടെ മുന്നില്‍വച്ചായിരുന്നു ആക്രമണം.

വിശ്വാസികള്‍ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നു പറയുന്ന വര്‍ഗീയവാദികള്‍ വിശ്വാസികള്‍ക്കും നാടിനും ആപത്താണെന്നു തെളിയിക്കുന്നതാണ് ഈ സംഭവം. ഇത്തരം അക്രമികളെ വിശ്വാസിസമൂഹം ഒറ്റപ്പെടുത്തണം. ക്ഷേത്രങ്ങളെ സംഘര്‍ഷകേന്ദ്രമാക്കാനുള്ള നീക്കത്തില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.