തെലങ്കാന ഓപറേഷന്‍ താമര: ബിജെപി നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്ത്

Update: 2022-12-02 05:34 GMT

ന്യൂഡല്‍ഹി: തെലങ്കാനയിലെ ഓപറേഷന്‍ താമരയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ ഗൂഢാലോചനകള്‍ അക്കമിട്ട് നിരത്തി പ്രത്യേക അന്വേഷണ സംഘം. ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി ബിജെപിയിലെത്തിക്കാന്‍ തെലങ്കാനയില്‍ നേതാക്കള്‍ നടത്തിയ നീക്കത്തിന്റെ തെളിവുകളാണ് ആയിരക്കണക്കിന് രേഖകളായി അന്വേഷണ സംഘം തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ബിഡിജെഎസ് നേതാവും കേരളത്തിലെ എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഇടപെടല്‍ റിപോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.

പാര്‍ട്ടി മാറുന്നതിനായി ടിആര്‍എസ് എംഎല്‍എമാര്‍ക്ക് നല്‍കാന്‍ കോടിക്കണക്കിനു രൂപയുമായി എത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ഏജന്റുമാര്‍ക്ക് ബിജെപി നേതാക്കളുമായുള്ള അടുത്ത ബന്ധം തുറന്നുകാട്ടുന്നതാണ് രേഖകള്‍. തുടര്‍ച്ചയായി ഒന്നരവര്‍ഷം നീണ്ടുനിന്ന പ്രയത്‌നം കൂടിയാണ് ഓപറേഷന്‍ താമര. അറസ്റ്റിലായ രാമചന്ദ്ര ഭാരതി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനു അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം സമര്‍പ്പിച്ചിട്ടുണ്ട്. രോഹിത് റെഡ്ഢി അടക്കം മൂന്ന് ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാനായിരുന്നു പദ്ധതി.

മൂന്ന് പേരെ കാണിക്കാനുണ്ടെന്നു ബി എല്‍ സന്തോഷിനോട് രാമചന്ദ്ര ഭാരതി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ 26 നു ഇരുവരും ഹരിദ്വാറില്‍ കൂടിക്കാഴ്ച നടത്തി. തുഷാര്‍ വെള്ളാപ്പള്ളിയുമായി രാമചന്ദ്ര ഭാരതി പലവട്ടം സംസാരിക്കുന്നുണ്ട്. നിര്‍ണായക കൂടിക്കാഴ്ച ബി എല്‍ സന്തോഷിന്റെ ഡല്‍ഹിയിലെ താമസസ്ഥലത്ത് വച്ചാണ് നടത്തുന്നത്.

പണവുമായി പിടിയിലായ രണ്ടാം പ്രതി നന്ദുകുമാര്‍ മൂന്നാം പ്രതി സിംഹയാജി എന്നിവരുമായി തുഷാര്‍ വെള്ളാപ്പള്ളിയും ബി എല്‍ സന്തോഷും നില്‍ക്കുന്ന ചിത്രം, യാത്രാ രേഖ, ഫോണ്‍ ലൊക്കേഷന്‍, ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ മൊഴി എന്നിവയടക്കമാണ് ഹാജരാക്കിയിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി, ഡോ ജഗ്ഗുസ്വാമി എന്നിവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് കോള്‍ റെക്കോര്‍ഡിങ്, ശബ്ദസന്ദേശത്തിന്റെ ഫോറന്‍സിക് റിപോര്‍ട്ട് എന്നിവയും തെലങ്കാന പോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

തെലങ്കാന ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാനാണ് കോടതി തുഷാറിനോട് നിര്‍ദേശിച്ചത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് തുഷാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.

Tags:    

Similar News