തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
നിരവധി ഉന്നത പോലിസ് ഉദ്യോഗസ്ഥരോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഹരിത ഹരം പരിപാടിയിലും മന്ത്രി പങ്കെടുത്തിരുന്നു.
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധനക്ക് അയച്ചത്. മന്ത്രിക്ക് പനിയും ചുമയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു. ഇന്നലെയാണ് പരിശോധനാഫലം ലഭിച്ചത്.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഓഫിസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച വരെ അദ്ദേഹം നിരവധി സംസ്ഥാന പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഗോഷാമഹല്‍ പോലിസ് സ്റ്റേഡിയത്തില്‍ നിരവധി ഉന്നത പോലിസ് ഉദ്യോഗസ്ഥരോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഹരിത ഹരം പരിപാടിയിലും മന്ത്രി പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റെ ഓഫിസ് അടച്ചുപൂട്ടി. മന്ത്രിയുമായി സമ്പര്‍ക്കം പുലത്തിയവരെ പരിശോധനയ്ക്ക് വിധേയമാക്കാനും നിരീക്ഷണത്തിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം അടുത്തിടെ ഹൈദരാബാദ് സിറ്റി പോലിസിലെ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ആര്‍വിബിആര്‍ആര്‍ തെലങ്കാന സ്റ്റേറ്റ് പോലിസ് അക്കാദമിയിലെ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.