കടം കയറി മുടിഞ്ഞ എയര്‍ ഇന്ത്യ വാങ്ങാന്‍ ടാറ്റാ സണ്‍സും

Update: 2021-09-15 12:23 GMT

ന്യൂഡല്‍ഹി: കടം പെരുകി നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന എയര്‍ ഇന്ത്യ വാങ്ങാനുള്ള ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ടാറ്റാ സണ്‍സും. ബിഡില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ കമ്പനി ഇന്ന് വ്യോമയാന മന്ത്രാലയത്തിന് കൈമാറി. ബിഡ് നല്‍കേണ്ട അവസാന തിയ്യതിയും ഇന്നായിരുന്നു.

ബിഡിങ് തിയ്യതിയില്‍ മാറ്റമുണ്ടാവില്ലെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ എയര്‍ ഇന്ത്യക്ക് 43,000 കോടി രൂപയുടെ കടമാണ് ഉള്ളത്. അതില്‍ 22,000 കോടി എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറിയിരിക്കുകയാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് നീക്കം. ഗ്രൗണ്ട് ഹാന്റ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനവും വിറ്റഴിക്കും.

അതിനുപുറമെ എയര്‍ ഇന്ത്യയുടെ കൈവശമുള്ള മുംബൈയിലെ എയര്‍ ഇന്ത്യ ബില്‍ഡിങും ഡല്‍ഹി എയര്‍ലൈന്‍ ഹൗസും കച്ചവടത്തിന്റെ ഭാഗമാണ്. രാജ്യത്ത് 4,400 ആഭ്യന്തര സര്‍വീസും 1800 അന്താരാഷ്ട്ര സര്‍വീസുമാണ് എയര്‍ലൈന്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ വിദേശത്ത് 900 സ്ലോട്ടുകളുമുണ്ട്. 

Tags: