തമിഴ്‌നാട്ടിലെ 10.5 ശതമാനം വണ്ണിയര്‍ സമുദായ സംവരണം സുപ്രിംകോടതി റദ്ദാക്കി

തമിഴ്‌നാട് കൊണ്ടുവന്ന വണ്ണിയര്‍ സംവരണ ക്വാട്ട ഭരണഘടനാ വിരുദ്ധവും തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഇത് റദ്ദാക്കിയത്.

Update: 2022-03-31 07:28 GMT

ന്യൂഡല്‍ഹി: വണ്ണിയര്‍ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കി. തമിഴ്‌നാട് കൊണ്ടുവന്ന വണ്ണിയര്‍ സംവരണ ക്വാട്ട ഭരണഘടനാ വിരുദ്ധവും തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി ഇത് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ 'വണ്ണിയര്‍ സംവരണ നിയമം 2021' അനുസരിച്ചാണ് വണ്ണിയര്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രിംകോടതിയുടെ നീരീക്ഷണം. നവംബര്‍ ഒന്നിന് തമിഴ്‌നാട്ടില്‍ അധികാരത്തിലിരുന്ന എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അനുവദിച്ച ക്വാട്ട നടപ്പാക്കുന്നത് തടഞ്ഞുവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. 'ഇത് ആര്‍ട്ടിക്കിള്‍ 14, 15, 16 (സമത്വത്തിനുള്ള അവകാശം, മതം, വംശം, ജാതി, ലിംഗം, ജന്‍മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടയല്‍, പൊതുതൊഴിലിന്റെ കാര്യങ്ങളില്‍ അവസര സമത്വം) എന്നീ വകുപ്പുകളുടെ ലംഘനമാണ്.

മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. ഏപ്രിലില്‍ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് എഐഎഡിഎംകെ സര്‍ക്കാര്‍ വണ്ണിയര്‍ സംവരണ നിയമം പാസാക്കിയത്. തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഡിഎംകെ സംവരണം നടപ്പാക്കി. ഹൈക്കോടതി വിധി നിയമപരമായി തെറ്റാണെന്നും ഒരു സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്താന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്നും ഹരജിക്കാര്‍ വാദിച്ചു.

സംസ്ഥാന നിയമസഭ ഐകകണ്‌ഠേന പാസാക്കിയ നിയമനിര്‍മാണത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് പട്ടാളി മക്കള്‍ കച്ചി (പിഎംകെ) പാര്‍ട്ടി സ്ഥാപകന്‍ എസ് രാംദോസ് വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളില്‍ വണ്ണിയര്‍ സമുദായത്തെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന കണക്ക് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തി.

മറ്റ് പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വണ്ണിയര്‍ സമുദായത്തെ പ്രത്യേക വിഭാഗമായി കണക്കാക്കുന്നതില്‍ അടിസ്ഥാനമില്ലെന്നാണ് ഞങ്ങളുടെ നിലപാട്- ജഡ്ജിമാര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പിന്നാക്ക സമുദായങ്ങളില്‍ ഒന്നാണ് വണ്ണിയര്‍. ഇവര്‍ക്ക് കാര്യമായ രാഷ്ട്രീയ സ്വാധീനമുണ്ട്. ദീര്‍ഘകാലമായി സംവരണ ക്വാട്ടയ്ക്കായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ സ്വാധീനമൊന്നുകൊണ്ടുതന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന (എംബിസി) വിഭാഗങ്ങള്‍ക്കായി നീക്കിവച്ച 20 ശതമാനം സംവരണത്തില്‍ 10.5 ശതമാനം വണ്ണിയര്‍ സമുദായത്തിനായി നീക്കിവയ്ക്കുകയായിരുന്നു. ഇതോടെ 100ലധികം മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് ബാക്കിവരുന്ന സംവരണ ക്വാട്ട വീതിച്ചുനല്‍കുകയാണ് ചെയ്യേണ്ടിവന്നത്. തമിഴ്‌നാട്ടില്‍ 69 ശതമാനം സംവരണമാണുള്ളത്. അതില്‍ പിന്നാക്ക ജാതിക്കാര്‍ക്ക് 30 ശതമാനവും ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍ക്ക് 20 ശതമാനവും പട്ടികജാതിക്കാര്‍ക്ക് 18 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് ഒരുശതമാനവും ഉള്‍പ്പെടുന്നു.

Tags: