തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: എസ് ഡിപിഐ എഎംഎംകെ സഖ്യത്തില്‍; ആറ് സീറ്റുകളില്‍ മല്‍സരിക്കും

Update: 2021-03-11 16:20 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി (എഎംഎംകെ) എസ്ഡിപിഐ സഖ്യത്തിലേര്‍പ്പെട്ടു. എസ്ഡിപിഐ നേതാക്കള്‍ എഎംഎംകെ മേധാവി ടിടിവി ദിനകരനെ ഓഫിസില്‍ സന്ദര്‍ശിച്ചാണ് സഖ്യത്തിനു ധാരണയായത്. ഇതുപ്രകാരം എസ്ഡിപിഐ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കും. അലന്ദൂര്‍, അംബൂര്‍, ട്രിച്ചി നോര്‍ത്ത്, തിരുവാരൂര്‍, മധുര സെന്‍ട്രല്‍, പാലയംകോട്ടൈ എന്നീ സീറ്റുകളിലാണ് ജനവിധി തേടുക. നേരത്തേ, ചലച്ചിത്ര താരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യ(എംഎന്‍എം)വുമായി സഖ്യചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും അന്തിമപ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് എഎംഎംകെയുമായി ധാരണയിലെത്തിയതായി എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലായ് മുബാറക് അറിയിച്ചത്.

    നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 15 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബുധനാഴ്ച എഎംഎംകെ പുറത്തുവിട്ടിരുന്നു. മുന്‍ സംസ്ഥാന മന്ത്രിമാരായ പി പളനിയപ്പന്‍, ജി സെന്തമിജന്‍, സി ഷണ്‍മുഖവേലു എന്നിവര്‍ യഥാക്രമം പാപ്പിരേഡിപട്ടി, സൈദാപേട്ട്, മദാദുകുളം എന്നിവിടങ്ങളില്‍ നിന്ന് മല്‍സരിക്കുമെന്ന് എഎംഎംകെ ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ അറിയിച്ചിരുന്നു. മുന്‍ എംപിമാരായ എസ് അന്‍ബാഗന്‍, കെ സുകുമാര്‍ എന്നിവര്‍ റാസിപുരം, പൊള്ളാച്ചി മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.

    അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഎമ്മും എഎംഎംകെ സഖ്യവുമായി നേരത്തേ ധാരണയിലെടുത്തുകയും വനിയംബാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ സീറ്റുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 12ന് ചെന്നൈയില്‍ നടക്കുന്ന മഹാ റാലിയില്‍ ഉവൈസിയും ടിടിവി ദിനകരനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. നേരത്തേ ഉവൈസി ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്(ഐയുഎംഎല്‍), മനിതനേയ മക്കള്‍ കക്ഷി(എംഎംകെ) എന്നിവ ഡിഎംകെ സഖ്യത്തിലാണുള്ളത്. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 2ന് നടക്കും.


Tamil Nadu Assembly polls: SDPI in alliance with AMMK; will contest in six seats