കർഷക പ്രക്ഷോഭം: ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടർ റാലി ആരംഭിച്ചു
തിക്രി, ഗാസിപൂർ സിംഘു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുന്നത്.
ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിർത്തികളില്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാക്ടർ റാലി ആരംഭിച്ചു. റിപബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. കുണ്ഡ്‌ലി-മാനേശ്വർ-പലിവാൾ എക്‌സ്പ്രസ് ഹൈവേയിലാണ് രാവിലെ 11 മണിക്ക് ട്രാക്ടർ റാലി ആരംഭിച്ചത്.
റാലി ഇന്ന് വൈകുന്നേരം വരെ നീണ്ട് നില്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചത്. നാളെത്തെ ചര്‍ച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധം അറിയിക്കുകയാണ് കര്‍ഷകരുടെ ലക്ഷ്യം.
തിക്രി, ഗാസിപൂർ സിംഘു, അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുന്നത്. റിപബ്ലിക്ക് ദിനത്തിൽ കർഷകർ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ച് നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്.
ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍-ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കർഷകർ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിർത്തി മേഖലകളിലും പോലിസ് വിന്യാസം വർധിപ്പിച്ചു.
