സുരേന്ദ്രന്‍-ജാനു കോഴക്കേസ്: അന്വേഷണം പൂര്‍ത്തിയായിട്ടും അറസ്റ്റും കുറ്റപത്രവുമില്ല

കെ സുരേന്ദ്രന്‍ തിരുവനന്തപുരത്തു വച്ച് സി കെ ജാനുവിന് പത്ത് ലക്ഷം രൂപ തിരഞ്ഞെടുപ്പ്‌കോഴ നല്‍കിയെന്ന കേസില്‍ കൃത്യമായ തെളിവുകളും സാക്ഷിമൊഴികളുമാണ് ക്രൈംബ്രാഞ്ചിനു ലഭിച്ചത്. കുറ്റപത്രംവരെ തയ്യാറായി കെ സുരേന്ദ്രന്റെ അറസ്‌റ്റോളമെത്തിയ ഘട്ടത്തിലാണ് തുടര്‍നടപടികള്‍ നിശ്ചലമായത്

Update: 2022-04-10 05:07 GMT

പിസി അബ്ദുല്ല

കോഴിക്കോട്: സി കെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ്‌കോഴയായി ആദ്യം പത്ത് ലക്ഷവും പിന്നീട് 25 ലക്ഷവും നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് നടപടികള്‍ നിശ്ചലമായി. കുറ്റപത്രംവരെ തയ്യാറായ കേസില്‍ കെ സുരേന്ദ്രന്റെ അറസ്‌റ്റോളമെത്തിയ ഘട്ടത്തിലാണ് തുടര്‍നടപടികള്‍ മരവിച്ചത്.

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി മുന്‍ സംസ്ഥാന ട്രഷററും ഇപ്പോള്‍ ചെയര്‍പേഴ്‌സണുമായ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരമാണ് കെ സുരേന്ദ്രന്‍, സി കെ ജാനു അടക്കമുള്ളവരെ പ്രതിയാക്കി സുല്‍ത്താന്‍ ബത്തേരി പോലിസ് തിരഞ്ഞെടുപ്പ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ച് സുരേന്ദ്രന്‍ നേരിട്ട് പത്തു ലക്ഷവും സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിലെ മണിമല റിസോര്‍ട്ടിലെത്തി ബിജെപി. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ 25 ലക്ഷവും ജാനുവിന് കൈമാറിയെന്നാണ് കേസ്. ജാനുവിനെ മല്‍സരിപ്പിച്ചതിന്റെ മറവില്‍ കെ സുരേന്ദ്രന്‍ കോടികളുടെ ഇടപാട് നടത്തിയെന്ന ആരോപണം വയനാട്ടില്‍ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. എന്നാല്‍, 35 ലക്ഷത്തിന്റെ കോഴയിടപാട് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലുള്ളത്. കേസില്‍

പ്രസീതയടക്കം നാലു പേര്‍ മാനന്തവാടി മജിസ്‌ട്രേട്ടിനു മുന്‍പില്‍ സ്വകാര്യമൊഴിയും നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ജാനുവിന് സുരേന്ദ്രന്‍ തിരുവനന്തപുരത്തുവച്ച് നേരിട്ട് പത്തു ലക്ഷം നല്‍കിയെന്ന പ്രസീദയുടെ വെളിപ്പെടുത്തലില്‍ ശാസ്ത്രീയ തെളിവുകളടക്കം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സിസിടിവി ദൃശ്യങ്ങളും സുരേന്ദ്രനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ജാനു പണം ചെലവഴിച്ചതിന്റെ വിശദ വിവരങ്ങളും സുപ്രധാന തെളിവാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി സികെ ശവീന്ദ്രന്റേതടക്കമുള്ള മൊഴികള്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

പ്രസീദ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേതുതന്നെയാണെന്ന പരിശോധനാ ഫലവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്.

ശബ്ദപരിശോധന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ലാബില്‍ നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം വിചാരണക്കോടതി തള്ളിയതിനെത്ത്ുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഫോറന്‍സിക് ലാബിലാണ് നടന്നത്.

കെ സുരേന്ദ്രന്റെ ഫോണ്‍രേഖകള്‍ മാത്രമാണ് സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ക്രൈംബ്രാഞ്ചിന് ഇനി ലഭിക്കാനുള്ളത്. ഇതൊഴികെയുള്ള മറ്റ് സുപ്രധാന തെളിവുകളും സാക്ഷിമൊഴികളും ഉല്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ്, തേജസ് ന്യൂസിനോട് പറഞ്ഞു.

എന്നാല്‍, കുറ്റപത്രം എന്തുകൊണ്ട് സമര്‍പ്പിക്കുന്നല്ലെന്ന് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നിയമപരമോ സാങ്കേതികമോ ആയ തടസ്സങ്ങളില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

തുടര്‍ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങളോട്, ചില ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നാണ് ഡിവൈഎസ്പി പ്രതികരിച്ചത്.

കുറ്റപത്രം സമര്‍പ്പിച്ചാല്‍ സുരേന്ദ്രന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് നീങ്ങാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിതരാവും.

അതേസമയം, തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറസ്‌റ് ചെയ്യപ്പെട്ടാല്‍ ദേശീയതലത്തില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലാവുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ കെ റെയില്‍, ലാവ് ലിന്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും പിണറായി വിജയനും കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിയും വരും.

ഈ സാഹചര്യത്തിലാണ് സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും തുടര്‍നടപടികളുണ്ടാവാത്തതെന്നാണ് പ്രസീദ അഴീക്കോട് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് കേസില്‍ സുരേന്ദ്രനും ജാനുവിനും മറ്റുമെതിരെ ചുമത്തിയിട്ടുള്ളത്. എംഎസ്എഫ് നേതാവ് പി കെ നവാസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രസീദയുടെ വെളിപ്പെടുത്തലില്‍ കെ സുരേന്ദ്രനെതിരെ പോലിസ് കേസ്സെടുത്തത്. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്കിനെതിരെയും സര്‍ക്കാര്‍-* സുരേന്ദ്രന്‍ ഒത്തുകളിക്കെതിരെയും നവാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.