നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല: കർഷക സംഘടനകള്‍

സുപ്രിംകോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ ഇന്ന് സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Update: 2021-01-12 09:49 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം സ്‌റ്റേ ചെയ്തുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂനിയന്‍. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷക സംഘടന വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ യോഗം ചേരും. സിംഘുവിലാണ് സംഘടനകള്‍ യോഗം ചേരുന്നത്.

സ്‌റ്റേ ചെയ്ത സുപ്രിംകോടതി നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, നിയമം പൂര്‍ണമായും എടുത്തുകളയുന്നതുവരെ സമരം തുടരും എന്നുതന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. താല്‍ക്കാലിക സ്റ്റേ, സമിതി രൂപീകരണം തുടങ്ങിയവ കൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന സൂചനയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്.

നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. സുപ്രിംകോടതി രൂപവത്കരിക്കുന്ന സമിതിക്കു മുമ്പില്‍ ഹാജരാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. റിപബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

സുപ്രിംകോടതി വിധി വന്നതിന് ശേഷം എന്തുചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകളുടെ യോഗം അല്‍പസമയത്തിനകം ചേരും. സമരത്തെക്കുറിച്ച് വിലയിരുത്താനുള്ള യോഗം കൂടിയാണിത്. അതിന് ശേഷം നാളെ രാവിലെ പതിനൊന്ന് മണിക്ക് 41 കര്‍ഷക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സെന്‍ട്രല്‍ കമ്മറ്റി യോഗവും ചേരും. ഇതിന് ശേഷമാവും സംഘടനകള്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുക.

വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി നിയമം സ്റ്റേ ചെയ്തത്. നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.

സുപ്രിംകോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ ഇന്ന് സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്ന് ഇതിനോട് കോടതി പ്രതികരിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരേ തലസ്ഥാനത്ത് സമരം തുടരുമെന്ന് രാകേഷ് ടികായത് പറഞ്ഞു. സമരസ്ഥലത്തു നിന്ന് തിരികെ പോകില്ല. വേനല്‍ കാലത്തും സമരം തുടരുന്നതിനായി സമര സ്ഥലത്ത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.