ഡല്‍ഹി പോലിസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി -ഹരജി ഹൈക്കോടതി പരിഗണിക്കും

ഹൈക്കോടതി ഇപ്പോള്‍ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാല്‍, തല്‍ക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടന്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Update: 2020-02-26 07:03 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സംഘപരിവാര്‍ കലാപവുമായി ബന്ധപ്പെട്ട ഹരജി ഇപ്പോള്‍ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍ അഭിഭാഷകര്‍ അറിയിച്ചപ്പോള്‍ ശാഹീന്‍ ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്നാണ് ജസ്റ്റിസുമാരായ എസ് കെ കൗളും, കെ എം ജോസഫും അംഗങ്ങളായ ബഞ്ച് വ്യക്തമാക്കിയത്. പിന്നീട് കേസ് പരിഗണിച്ചപ്പോള്‍, ഹൈക്കോടതി ഇപ്പോള്‍ ഈ കേസ് പരിഗണിക്കാനിരിക്കുന്നതിനാല്‍, തല്‍ക്കാലം ഇടപെടാനില്ലെന്നും, ഹൈക്കോടതി തീരുമാനം വന്ന ശേഷം ഉടന്‍ തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ശാഹീന്‍ ബാഗ് ഹരജി പരിഗണിക്കുന്ന് സുപ്രീംകോടതി മാര്‍ച്ച് 23ലേക്ക് മാറ്റി.

അതേസമയം, ഡല്‍ഹി പോലിസിനെതിരേ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഡല്‍ഹി പോലിസ് പ്രഫഷനല്‍ അല്ലെന്ന് വിമര്‍ശനം ഉയന്നയിച്ച കോടതി സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും പറഞ്ഞു. പോലിസ് നിയമപരമായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് നിലവിലെ സാഹചര്യം ഉണ്ടായതെന്ന് കോടതി വിമര്‍ശിച്ചു. പോലിസ് കൂറുപുലര്‍ത്തേണ്ടത് ഭരണഘടന സ്ഥാപനത്തോടാണെന്ന് സോളിസിറ്റര്‍ ജനറലിനോട് കോടതി വ്യക്തമാക്കി.

അതിനിടെ, കലാപം പടരുന്ന ഡല്‍ഹിയിലെ സ്ഥിതി ആശങ്കാജനകമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. കലാപം തടയുന്നതില്‍ പോലിസ് പരാജയപ്പെട്ടിരിക്കുന്നകയാണ്. ഡല്‍ഹിയില്‍ പോലിസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അക്രമം തുടരുന്നതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News