ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ സമിതി; സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായ പീഡനപരാതി തള്ളി

പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണസമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ സമിതി വിലയിരുത്തി. ജഡ്ജിമാരായ ഇന്ദു മല്‍ഹോത്രയും ഇന്ദിര ബാനര്‍ജിയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.

Update: 2019-05-06 12:02 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡനപരാതി തള്ളി. പരാതിയെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണസമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ സമിതി വിലയിരുത്തി. ജഡ്ജിമാരായ ഇന്ദു മല്‍ഹോത്രയും ഇന്ദിര ബാനര്‍ജിയുമാണ് സമിതിയിലെ മറ്റംഗങ്ങള്‍.

അന്വേഷണ റിപോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സമിതിയുടെ റിപോര്‍ട്ട് അത് സ്വീകരിക്കാന്‍ യോഗ്യനായ അടുത്ത മുതിര്‍ന്ന ജഡ്ജിക്കു നല്‍കിയതായും സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. റിപോര്‍ട്ടിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിനും കൈമാറി. സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയാണ് ബോബ്‌ഡെ. അടുത്ത മുതിര്‍ന്ന ജഡ്ജി എന്‍ വി രമണയാണ്. ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപോര്‍ട്ട് പരസ്യപ്പെടുത്താത്തത് 2003ല്‍ ഇന്ദിര ജയ്‌സിങ്ങും സുപ്രിംകോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

സമിതിയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍നിന്ന് നേരത്തെ യുവതി പിന്‍മാറിയിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാരസമിതിയെ മറികടന്നാണ് ലൈംഗികാരോപണം പരിഗണിക്കാന്‍ മറ്റൊരു ബെഞ്ച് സുപ്രിംകോടതി രൂപീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവച്ചിരുന്നു. എന്നാല്‍, ഇതെല്ലാം മറികടന്ന് ചീഫ് ജസ്റ്റിസിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തിലെ ഗൂഢാലോചനയും ലൈംഗികാരോപണവും പ്രത്യേകമായി അന്വേഷിക്കാനായിരുന്നു സുപ്രിംകോടതിയുടെ തീരുമാനം.  

Tags:    

Similar News