ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നു: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

മോദിയുടെ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുഭാവികളെ സംരക്ഷിക്കുകയും അതിന്റെ വിമര്‍ശകരെ ലക്ഷ്യമിടുകയുമാണ് ചെയ്യുന്നതെന്നും മീനാക്ഷി ഗാംഗുലി കുറ്റപ്പെടുത്തി.

Update: 2021-02-04 06:13 GMT

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദു ദേശീയവാദ അജണ്ട പിന്തുടര്‍ന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. വിവേചനപരമായ പൗരത്വ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയതിനു തുല്യമായ അടിച്ചമര്‍ത്തല്‍ നയമാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയും തുടരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു.


പാര്‍ശ്വവത്കരിക്കപ്പെട്ട ദലിത്, ആദിവാസി സമുദായങ്ങളുടെ സംരക്ഷണത്തിനായി ആഹ്വാനം ചെയ്യുന്നവരും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്നവരും രാഷ്ട്രീയ പ്രേരിത ആരോപണങ്ങള്‍ നേരിടുകയാണ്. ഇപ്പോള്‍, നവംബര്‍ മുതല്‍ സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരും വിമര്‍ശനങ്ങള്‍ നേരിടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്കുമെതിരെ അടിസ്ഥാനരഹിതമായ ക്രിമിനല്‍ കേസുകള്‍ ചുമത്തുകയാണ്.


മോദിയുടെ ഇന്ത്യയില്‍ സര്‍ക്കാര്‍ അനുഭാവികളെ സംരക്ഷിക്കുകയും അതിന്റെ വിമര്‍ശകരെ ലക്ഷ്യമിടുകയുമാണ് ചെയ്യുന്നതെന്നും മീനാക്ഷി ഗാംഗുലി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അനുകൂല വാര്‍ത്താ അവതാരകനെ ക്രിമിനല്‍ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം ബിജെപി നേതാക്കളുടെ താല്‍പര്യപ്രകാരം പുറത്തിറക്കി. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് റിപോര്‍ട്ട് ചെയ്യാന്‍ പോയതിന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച അതേ കോടതി തന്നെയാണ് സര്‍ക്കാര്‍ അനുകൂല വാര്‍ത്താ അവതാരകന് ജാമ്യം നല്‍കിയത്.


താണ്ഡവ് എന്ന ആമസോണ്‍ െ്രെപം സീരിയല്‍ നിര്‍മാതാക്കള്‍ക്ക് അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കോടതി വിസമ്മതിച്ചു. ആറ് വ്യത്യസ്ത സംസ്ഥാനങ്ങളിലെ പോലീസാണ് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സീരിയല്‍ നിര്‍മാതാക്കള്‍ക്ക് എതിരെ അന്വേഷണം ആരംഭിച്ചത്. മറ്റൊരു ടിവി സീരിയലായ 'എ സ്യൂട്ടബിള്‍ ബോയ്'ക്ക് എതിരെ മധ്യപ്രദേശിലെ ഒരു ബിജെപി മന്ത്രിയുടെ പരാതി പ്രകാരം അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഹിന്ദു ദേവതകളെ അപമാനിക്കുന്നതായി ബിജെപി അനുയായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയും അദ്ദേഹത്തിന്റെ അഞ്ച് കൂട്ടാളികളും അറസ്റ്റിലായി. മറ്റൊരു ഹാസ്യനടന്‍ കുനാല്‍ കമ്രക്കെതിരെയും സമാനമായ നടപടിയുണ്ടായി. ഇന്ത്യന്‍ അധികാരികള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെയും ബഹുസ്വരതയെയും സ്വയം പ്രശംസിക്കുന്നവരാണ്. എന്നാല്‍, അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇതിന് വിരുദ്ധമാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സൗത്ത് ഏഷ്യന്‍ ഡയറക്ടര്‍ പറഞ്ഞു.




Tags:    

Similar News