ആര്‍എസ്എസ്സിന് ഒത്താശ: സുപ്രിംകോടതിയിലേക്ക് ഒരാളെപ്പോലും നിയമിക്കാതെ ബോബ്ദെ സ്ഥാനമൊഴിഞ്ഞേക്കും
ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന് അനഭിമതനായ ജസ്റ്റിസ് അഖില്‍ അബ്ദുല്‍ഹമീദ് ഖുരേശിയുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സുപ്രിംകോടതിയിലേക്ക് ഒരാളെപ്പോലും നിയമിക്കാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞേക്കും. 2019 നവംബറില്‍ ചീഫ് ജസ്റ്റിസായി നിയമിതനായ ബോബ്ദെയുടെ 14 മാസത്തെ കാലാവധി അവസാനിക്കാന്‍ ഒരു മാസം കൂടി മാത്രമേ ബാക്കിയുള്ളു.
2015ലാണ് ഒരാളെപ്പോലും സുപ്രിംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാതെ ഒരു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കത്തെത്തുടര്‍ന്നാണ് അക്കാലത്തെ ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തുവിന് നിയമനങ്ങള്‍ നടത്താന്‍ കഴിയാതിരുന്നത്.
എന്നാല്‍ ഇത്തവണ പ്രശ്‌നം പുറത്തുനിന്നല്ല, നിയമന സമിതിയായ കൊളീജിയത്തില്‍ത്തന്നെയാണ്. ജസ്റ്റിസുമാരായ എന്‍ വി രമണ, രോഹിന്റന്‍ നരിമാന്‍, യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍ തുടങ്ങിയവര്‍ അംഗങ്ങളും ബോബ്ദെ അധ്യക്ഷനുമായ കൊളീജിയത്തില്‍ ത്രിപുര ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേശിയുടെ നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കം നടക്കുന്നുണ്ട്. ആറ് പേരെ സുപ്രിംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ബാക്കിനില്‍ക്കുമ്പോഴാണ് അഖില്‍ ഖുറേശിയുടെ പ്രശ്‌നത്തില്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത്.
2002ലെ മായ കൊട്‌നാനി ഉള്‍പ്പെട്ട നരോദ പാട്യ കൂട്ടക്കൊല, വഖഫ് ബോര്‍ഡ് ഭൂമിക്കയ്യേറ്റപ്രശ്‌നം എന്നിവയില്‍ ഗുജറാത്ത് സര്‍ക്കാരിനും ബിജെപിക്കും തലവേദനയുണ്ടാക്കിയ വിധി പ്രസ്താവിച്ചയാളാണ് ജസ്റ്റിസ് ഖുറേശി. 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹം സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പോലിസ് കസ്റ്റഡിയില്‍ വിട്ടയിച്ചിരുന്നു. ജസ്റ്റിസ് ഖുറേശിയുടെ നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനു കാരണവും ഇതുതന്നെ.
സുപ്രിംകോടതിയില്‍ നിന്ന് ബോബ്ദെയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും അടുത്ത രണ്ട് മാസത്തിനുള്ളില്‍ വിരമിക്കും. അതടക്കം ആറ് ഒഴിവുകളാണ് രണ്ട് മാസത്തിനകം നിലവില്‍ വരിക. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, രോഹിന്റണ്‍ നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവര്‍ ഈ വര്‍ഷം വിരമിക്കും.
ജസ്റ്റിസ് ഖുറേശി അഖിലേന്ത്യാ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്.
ജസ്റ്റിസ് ഖുറേശിയുടെ ത്രിപുര ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുള്ള നിയമനവും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ കാലത്ത് തര്‍ക്കവിഷയമായിരുന്നു.
2019 മെയില്‍ സുപ്രിംകോടതി കൊളീജിയം ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. പക്ഷേ, സര്‍ക്കാര്‍ വിയോജിച്ചു. കൊളീജിയം അതിന്റെത്തന്നെ ഉത്തരവ് തിരുത്തി, 2019 സപ്തംബറില്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിച്ചു. നീതിന്യായ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം ഉത്തരവ് പരിഷ്‌കരിക്കുന്നുവെന്നല്ലാതെ മറ്റ് കാരണങ്ങളൊന്നും കൊളീജിയം അന്ന് മുന്നോട്ട് വച്ചിരുന്നില്ല.
2018ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരിലൊരാളായിരുന്ന ഖുറേശി അന്നത്തെ ജഡ്ജി വിരമിച്ച ഒഴിവില്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായി പ്രവത്തിച്ചയാളാണ്.
എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ആ ഒഴിവ് നികത്തിയപ്പോള്‍ ഖുറേശിയെ പരിഗണിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തേക്കാള്‍ ജൂനിയറായ ജസ്റ്റിസ് എ എസ് ദവെയെ ആസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഖുറേശിയെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റി. അവിടെ അദ്ദേഹം സീനിയോരിറ്റിയില്‍ അഞ്ചാമനായിരുന്നു.
ബോംബെ ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ മാറ്റുന്നതുവരെ ഗുജറാത്ത് ഹൈകോടതിയില്‍ നിലനിന്നിരുന്നത് അസാധാരണമായ സാഹചര്യമാണ്. സീനിയറായ ജഡാജി അയാളേക്കാള്‍ ജൂനിയറായ ആള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. ബോംബെ ഹൈക്കോടതിയിലേക്ക് മാറിയതോടെയാണ് ആ പ്രതിസന്ധിക്ക് പരിഹാരമായത്. അതുതന്നെ ഗുജറാത്ത് ബാര്‍ അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചശേഷം.
ബോബ്ദെ ചീഫ് ജസ്റ്റിസാവുന്ന സമയത്ത് സമയത്ത് 34 ജഡ്ജിമാരാണ് സുപ്രിംകോടതിയിലുണ്ടായിരുന്നത്. അതിനുശേഷം ചില ജഡ്ജിമാര്‍ വിരമിച്ചതോടെ എണ്ണം 30ആയി. ബോബ്ദെ എത്തി ഒമ്പതാം മാസത്തില്‍ ദീപക് ഗുപ്തയും വിരമിച്ചു.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസാവുന്ന സമയത്ത് ഏഴ് ഒഴിവുകളുണ്ടായിരുന്നു. അതടക്കം 14 ജഡ്ജിമാരെ അദ്ദേഹത്തിന്റെ കാലത്താണ് നിയമിച്ചത്. അക്കാലത്ത് സുപ്രിംകോടതിയിലെ മുഴുവന്‍ ഒഴിവുകളും നികത്തുകയും ചെയ്തു. 146 ഹൈക്കോടതി നിയമനങ്ങളും ഇതേ കാലത്താണ് നടന്നത്. രഞ്ജന്‍ ഗൊഗോയി 13 മാസമാണ് ചീഫ് ജസ്റ്റിസായിരുന്നത്, ബോബ്ദെക്ക് 14 മാസം സര്‍വീസ് ലഭിക്കും. വലിയ വിവാദങ്ങളുണ്ടായ കാലമായിട്ടും ഗൊഗോയ് നിരവധി നിയമനങ്ങള്‍ നടത്തി. 2017ആഗസ്റ്റ് -2018 ഒക്ടോബര്‍ കാലത്താണ് അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നത്.
അനഭിമതനായ ജഡ്ജിയെ നിയമക്കരുതെന്ന ആര്‍എസ്എസ്സിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാശി ഇന്ത്യന്‍ ജീഡീഷ്യല്‍ സംവിധാനത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

