പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം രാഷ്ട്രീയ ബലാബലത്തിലേക്ക് വഴിമാറുന്നു
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ മെല്ലെമെല്ലെ രാഷ്ട്രീയ പോരിലേക്കും ബലാബലത്തിലേക്കും വഴിമാറുന്നു. തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്ന് സമരം നടത്തിയവര്‍ പിന്നീട് വഴിമാറുകയും ഇപ്പോള്‍ മുസ് ലിം സംഘടനകളെ തങ്ങളുടെ കുടക്കീഴില്‍ അണിനിരത്താന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന രീതിയിലേക്കാണു വഴിമാറുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ഇടതു-വലതു മുന്നണികള്‍ തങ്ങളുടെ വോട്ടുബാങ്ക് അരക്കിട്ടുറപ്പിക്കാനുള്ള അവസരം കൂടിയായി കണക്കാക്കുന്നുവെന്നത് പകല്‍പോലെ വ്യക്തമാവുകയാണ്. വിവിധ മുസ് ലിം സംഘടനകളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ഇരുപക്ഷത്തിന്റെയും മല്‍സരബുദ്ധി, പൗരത്വ സമരത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്ന് തന്നെ പിറകോട്ടടിപ്പിക്കുമോയെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിനെയും സംഘപരിവാരത്തെയും ലക്ഷ്യംവച്ചു തുടങ്ങിയ സമരങ്ങള്‍ കേവലം ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ പോരിലേക്ക് വഴിമാറിപ്പോവുമോയെന്നാണ് നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നത്.
തുടക്കത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും കീഴില്‍ ഒറ്റക്കെട്ടായി സമരം നടത്തുന്നുവെന്നായിരുന്നു പ്രചാരണം. അതിനാല്‍ തന്നെ രാഷ്ട്രീയ വൈരം മറന്ന് പോലും പലരും സമരത്തില്‍ പങ്കെടുത്തതിനാല്‍ സമരങ്ങളെല്ലാം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളുടെ പിന്തുണയാര്‍ജ്ജിക്കുന്നതില്‍ ഒരുപടി മുന്നിലായിരുന്ന സിപിഎം സര്‍ക്കാര്‍ വിലാസത്തില്‍ നടത്തിയ പരിപാടി റാഞ്ചുകയാണെന്ന ബോധ്യം ലീഗിനെയും കോണ്‍ഗ്രസിനെയും മാറിച്ചിന്തിപ്പിക്കാന്‍ കാരണമാക്കുകയായിരുന്നു. എല്ലാകാലത്തും മുസ്‌ലിം ലീഗുമായി അടുപ്പം കാണിച്ചിരുന്ന സമസ്തയുടെ ഉന്നത നേതാക്കളെ വരെ അണിനിരത്താനായതോടെ സിപിഎം മുസ്‌ലിംകളിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന പ്രതീതിയുണ്ടാക്കിയത് ലീഗിനെ ആശങ്കപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, സംയുക്ത സമരത്തിനില്ലെന്നു പറഞ്ഞ് ലീഗ് പിന്‍മാറിയത്. മാത്രമല്ല, എല്‍ഡിഎഫുമായി കൈകോര്‍ത്തിരുന്ന കാന്തപുരം ഉള്‍പ്പെടെയുള്ളവരെയും ജമാഅത്തെ ഇസ് ലാമി ഉള്‍പ്പെടെയുള്ളവരെയും ഒപ്പംകൂട്ടി ലീഗിന്റെ കാര്‍മികത്വത്തില്‍ ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിക്കുകയും കണ്ണൂരില്‍ മഹാറാലി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ടത്തില്‍ മുസ് ലിംകളുടെ കൈയടി നേടിയ സിപിഎമ്മിന്റെ തന്ത്രത്തിന് മുസ്‌ലിം സംഘടനകളെ ഒപ്പം കൂട്ടി തിരിച്ചടിച്ച ലീഗിന്റെ നീക്കങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം ഇപ്പോള്‍ ഭരണഘടനാ സംരക്ഷണ ഏകോപനസമിതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍പ്രക്ഷോഭങ്ങള്‍ വിപുലമാക്കാന്‍ വേണ്ടിയാണ് ഭരണഘടനാ സംരക്ഷണ ഏകോപനസമിതി രൂപീകരിച്ച് ദേശീയ സെമിനാര്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മുന്‍ കലക്ടറും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ പി കമാല്‍കുട്ടിയെ ചെയര്‍മാനാക്കിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. വര്‍ക്കിങ് ചെയര്‍മാനായി ഡോ. എം മുഹമ്മദലി(ചക്കരക്കല്ല്)യെയും ജനറല്‍ കണ്‍വീനറായി കെ കെ രാഗേഷ് എംപിയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഡോ. എം മുഹമ്മദലി ചക്കരക്കല്ല്, പട്ടുവം അബൂബക്കര്‍ മുസ് ല്യാര്‍, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി(എസ് വൈഎസ് കാന്തപുരം വിഭാഗം), കെ പി ഉസ്മാന്‍ ഹാജി(എസ് വൈഎസ് സമസ്ത), ഫാദര്‍ ദേവസ്യ ഈരത്തറ, ഡോ. കെ പി ബാലകൃഷ്ണ പൊതുവാള്‍, ഒ വി ജാഫര്‍, അഡ്വ. ഫാത്തിമ വാഴയില്‍, എം ഷാജര്‍, ഷിബിന്‍ കാനായി, പി സമീര്‍, പി എ മുഹമ്മദ് ഫൈസല്‍, സി പി സലീം(മുജാഹിദ് വിഭാഗം) തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഭാവി പ്രവര്‍ത്തന പരിപാടികള്‍ സംബന്ധിച്ച രൂപരേഖ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അവതരിപ്പിച്ചു. 'ഏവരുടെയും ഇന്ത്യ, ഭരണഘടനയാണ് നമ്മുടെ കരുത്ത്' എന്ന വിഷയത്തില്‍ മാര്‍ച്ച് 14ന് കണ്ണൂരില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കാനാണു തീരുമാനം. സുപ്രിംകോടതി മുന്‍ ജഡ്ജി, മന്ത്രിമാര്‍, എംപിമാര്‍, സാംസ്‌കാരിക നേതാക്കള്‍, മതപണ്ഡിതര്‍ എന്നിവരെ പങ്കെടുപ്പിക്കും. തുടര്‍ന്ന് വാര്‍ഡുകള്‍തോറും കുടുംബ സദസ്സുകളും കാംപസുകളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സമിതിയുടെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കി 86 കേന്ദ്രങ്ങളില്‍ പ്രാദേശിക ഭരണഘടനാ സംരക്ഷണസമിതികള്‍ രൂപീകരിക്കാനും അതിന്റെ കോ-ഓഡിനേഷനായി ജില്ലാതലത്തില്‍ ഭരണഘടനാ സംരക്ഷണ ഏകോപന സമിതി പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പിടിഎകളുമായി സഹകരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കും.

