കെഎസ്ആര്‍ടിസിയില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ഇന്ന് മുതല്‍ ജോലിയിലുണ്ടാവരുത്; അന്ത്യശാസനവുമായി ഹൈക്കോടതി

പിഎസ്‌സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

Update: 2018-12-17 09:37 GMT
കെഎസ്ആര്‍ടിസിയില്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും ഇന്ന് മുതല്‍ ജോലിയിലുണ്ടാവരുത്; അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലികജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന കര്‍ശനിര്‍ദേശവുമായി ഹൈക്കോടതി. കോര്‍പരേഷനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയ കോടതി ഇന്ന് മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസിലില്ല എന്ന് ഉറപ്പുവരുത്തണമെന്ന് അന്ത്യശാസന നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാഹരജി പരിഗണിക്കാനും ഹൈക്കോടതി വിസമ്മതിച്ചു.

പിഎസ്‌സി നിയമിച്ചവര്‍ക്ക് ജോലി നല്‍കുന്നതിന് എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ ഇനി നടപടി വൈകിയാല്‍ കെഎസ്ആര്‍ടിസിയുടെ തലപ്പത്തുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അറിയാമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, താല്‍ക്കാലികജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് കൊടുത്തതായി ഹൈക്കോടതിയെ കെഎസ്ആര്‍ടിസി അറിയിച്ചു. അത് പോരെന്നും കെഎസ്ആര്‍ടിസി എംഡി തന്നെ നേരിട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കും.

അതേസമയം, ഹൈക്കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. എന്നാല്‍, ഒരു താല്‍ക്കാലികജീവനക്കാരന്‍ പോലും നിരാശപ്പെടേണ്ടി വരില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാല്‍, കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാമെന്ന പ്രതീക്ഷ അസ്തമിച്ചതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. താല്‍ക്കാലിക ജീവനക്കാര ഒഴിവാക്കി 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News