സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ പരിഗണനയില്‍

പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‌ ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു

Update: 2021-04-19 10:15 GMT

തിരുവനന്തപുരം: കൊവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നു. രാത്രികാല കര്‍ഫ്യൂ നടപ്പാക്കാക്കുന്നതും വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്.

പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‌ ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് വൈകീട്ട് 4 മണിയോടെ ചേരുന്ന ഉന്നത തല യോഗത്തിലുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.

ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലിസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലിസ് ശുപാര്‍ശ ചെയ്തത്.