കൗമാര കലാമാമാങ്കത്തിന് തിരിതെളിഞ്ഞു

Update: 2023-01-03 05:09 GMT

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് കോഴിക്കോട് തിരിതെളിഞ്ഞു. പ്രധാനവേദിയായ വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് കൊടിയേറിയത്. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. സാധാരണ ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന കലോല്‍സവം ഇക്കുറി അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാവും.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000 ഓളം വിദ്യാര്‍ഥികള്‍ കലോല്‍സവത്തില്‍ പങ്കെടുക്കും. 24 വേദികളിലായിട്ടാവും 239 ഇനങ്ങളിലെ കലാപരിപാടികള്‍ അരങ്ങേറുക. ആദ്യദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണിക്കുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. കോവിഡില്‍ രണ്ടുവര്‍ഷം മുങ്ങിപ്പോയ കലോത്സവം ഇക്കുറി കൂടുതല്‍ പൊലിമയോടെ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്.

അതേസമയം, കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയര്‍മാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ പായസം കുടിച്ചുകൊണ്ട് ഇന്നലെ നിര്‍വഹിച്ചു. പാല്‍പായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.

കലോത്സവ ഊട്ടുപുരയില്‍ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികള്‍ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയില്‍ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാര്‍ക്കും മറ്റുള്ളവര്‍ക്കും മധുരം നല്‍കിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.

കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തല്‍ എന്ന ഭക്ഷണ ശാല മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഭക്ഷണ ശാലയില്‍ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.

സമാപന സമ്മേളനം ഏഴിന് വൈകുന്നേരം നാലിന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി സമ്മാനവിതരണം നിര്‍വഹിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി കെ രാജന്‍ സുവനീര്‍ പ്രകാശനം ചെയ്യും.

Tags:    

Similar News