ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

Update: 2022-05-09 12:03 GMT

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി നില്‍ക്കുന്ന ശ്രീലങ്കയില്‍ പ്രതിഷേധം അതിരൂക്ഷമായതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രജപക്‌സെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ രാജിയാവശ്യം ഉയര്‍ന്നിരുന്നു.

മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ് പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട് യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം രാജിയാണെങ്കില്‍ സമ്മതമാണെന്ന് മഹിന്ദ മുമ്പ് പ്രതികരിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സായുധസേനയ്ക്ക് അധികാരം നല്‍കിയതിനെതിരേ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളില്‍നിന്നും കടുത്ത വിമര്‍ശനമാണ് പ്രസിഡന്റ് ഗോതബായ നേരിടുന്നത്. രാജിയാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെയ്ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലായിരുന്നു മഹിന്ദ. സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന (എസ്എല്‍പിപി)യിലും മഹിന്ദ മാറിനില്‍ക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് രാജിയിലേക്ക് കാര്യങ്ങളെത്തിയത്. അതിനിടെ, കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വേദി മഹിന്ദ രജപക്‌സെയുടെ അനുയായികള്‍ തകര്‍ത്തത് വലിയ പ്രതിഷധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അക്രമികള്‍ പ്രതിപക്ഷ നേതാവിനെയും സമരക്കാരെയും ക്രൂരമായി മര്‍ദ്ദിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. രാജ്യവ്യാപകമായി കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു പുറത്ത് നൂറുകണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ചേര്‍ന്ന് റാലി നടത്തിയത്. മഹിന്ദയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ചായിരുന്നു പ്രകടനം. തലസ്ഥാനത്ത് ഉള്‍പ്പെടെ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് മഹിന്ദ രജപക്‌സെ രാജി സമര്‍പ്പിച്ചത്.

Tags:    

Similar News