കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് തുടങ്ങും

Update: 2022-05-29 09:37 GMT

തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് ഇന്ന് തുടക്കമാവും. സാധാരണയില്‍നിന്ന് മൂന്ന് ദിവസം മുമ്പാട് കാലവര്‍ഷമെത്തുന്നത്.

കേരളത്തിലും ലക്ഷദ്വീപിലും കന്യാകുമാരിയിലും മാലിദ്വീപിലും മണ്‍സൂണ്‍ തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നിട്ടുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

സാധാരണ ജൂണ്‍ 1നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. അതില്‍നിന്ന് വ്യത്യസ്തമായി മെയ് 29നുതന്നെ കാലര്‍ഷം ആരംഭിക്കുകയാണ്.

നേരത്തെ മെയ് 27ന് കാലവര്‍ഷം തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതായത് സാധാരണയേക്കാള്‍ നാല് ദിവസം മുന്‍പ്.

അതേസമയം കര്‍ണാടക, ഗോവ, വടക്ക് കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ മണ്‍സൂണ്‍ ഇനിയും വൈകും.

ഈ പ്രദേശങ്ങളില്‍ ജൂണ്‍ 8വരെ വലിയ മഴയ്ക്കുള്ള സാധ്യതയില്ല.

സാധാരണ ഗുവാഹത്തി, അഗര്‍ത്തല, ദിമാപൂര്‍, ഉഡുപ്പി, ചെന്നൈ എന്നിവിടങ്ങളില്‍ ജൂണ്‍ 4നാണ് മണ്‍സൂണ്‍ തുടങ്ങുക. തെസ്പൂര്‍, ഐസ്വല്‍, ഷില്ലോങ്, ഇംഫാല്‍ എന്നിവിടങ്ങളില്‍ ജൂണ്‍ 5ന് തുടങ്ങും. ഗുഗംഗാവതിയില്‍ ജൂണ്‍ 6, ഗോവയില്‍ ജൂണ്‍ 7.

മാര്‍ച്ച മുതല്‍ മെയ് 26വരെ കര്‍ണാടകയില്‍ 149 ശതമാനം കൂടുതല്‍ മഴ ലഭിച്ചു. ലക്ഷദ്വീപ്(137 ശതമാനം), കേരളം (108 ശതമാനം), പോണ്ടിച്ചേരി(65 ശതമാനം), ആന്ധ്ര(37 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Tags: