കസ്റ്റംസ് കമ്മീഷണര്‍ക്കെതിരേ പിണറായി; എന്താണോ മേലാവിന്ന് പറയുന്നത് അതിനേക്കാള്‍ കൂടുതല്‍ ചെയ്ത്, ചിലര്‍ മേലാവിനെ തൃപ്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Update: 2021-03-06 15:17 GMT

തിരുവനന്തപുരം: കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് വഴിവിട്ട നീക്കങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി കസ്റ്റംസ് കമ്മീഷണറെ മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ചില ഉദ്യോഗസ്ഥര്‍ വഴി വിട്ട നീക്കങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കും. ചിലര്‍ എന്താണോ മേലാവിന്ന് പറയുന്നത് അതിനേക്കാള്‍ കൂടുതല്‍ ചെയ്ത്, മേലാവിനെ തൃപ്തിപ്പെടുത്താനും ശ്രമിക്കും. രാഷ്ട്രീയ താല്‍പര്യത്തിന്റെ ഭാഗമായാണ് പലതും ഇവിടെ ഉണ്ടായത്.

അന്വേഷണ ഏജന്‍സികള്‍ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുകയും അത് മാധ്യമങ്ങളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് കാണുന്നത്. പ്രതിപക്ഷത്തിന് വേണ്ടി അന്വേഷണ ഏജന്‍സികള്‍ വിടുവേല ചെയ്യുകയാണ്. കസ്റ്റംസ് ഇപ്പോള്‍ ചെയ്തുകൊണ്ടിരുക്കുന്നത് ഇതാണെന്നും മുഖ്യന്ത്രി പറഞ്ഞു.

രാഷ്ട്രീയ ഉന്നതങ്ങളിലുള്ളവര്‍ക്കെതിരേ മൊഴികൊടുക്കണമെന്ന് പറഞ്ഞതായി നേരത്തെ ഒരു പ്രതി പറഞ്ഞിരുന്നു. ആ പ്രതിയുടെ പേരിലാണ് ഇപ്പോള്‍ രഹസ്യമൊഴി പുറത്ത് വന്നതായി പറയുന്നത്. നമ്മുടെ നാട്ടിലെ അന്വേഷണ ഏജന്‍സികളെകുറിച്ച് എല്ലാവര്‍ക്കുമറിയാം. എങ്ങനെയാണ് അവര്‍ പ്രതികളെ കൊണ്ട് അവര്‍ക്ക് അനുകൂല മൊഴി എടുപ്പിക്കുന്നത്. അത് തന്നെയാണ് ഈ മൊഴിയിലും സംഭവിച്ചുണ്ടാവുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏജന്‍സികളെ നിയന്ത്രിക്കുന്ന കേന്ദ്രവും കേരളതല കോണ്‍ഗ്രസ്-ബിജെപി നേതാക്കളും അവരുടെ താല്‍പര്യത്തിനായി പലതും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അത് ഇവിടെ നടപ്പില്ല. ഇവിടെയാണ് അവര്‍ക്ക്് അടിതെറ്റിപ്പോവുന്നത്.

ഈ അന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന വഴിവിട്ടുപ്രവര്‍ത്തിക്കുന്നവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ, കുതന്ത്രങ്ങള്‍ പയറ്റിയാലും നാടു ഞങ്ങളെ കുറ്റപ്പെടുത്തില്ല, വഴിയേ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് കസ്റ്റംസിലേയ്ക്ക് വിളിച്ച് സ്വര്‍ണക്കടത്തുകാരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് കസ്റ്റംസ് സീനിയര്‍ ഓഫിസര്‍ തന്നെ അങ്ങനെ ആരും വിളിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇവര്‍ എതിരാവും എന്നു കണ്ട്, കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തി ആ ഓഫിസറെ നാഗ്പൂരിലേയ്ക്ക് സ്ഥലം മാറ്റി. കൂടെ കസ്റ്റംസിലുണ്ടായിരുന്ന 10 പേരെയും സ്ഥലം മാറ്റി.

കേരളതല കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ ചോദ്യം ചെയ്യേണ്ട പലരേയും ഒഴിവാക്കി. ബിജെപി വഴിവിട്ടു സഹായിച്ചു. ഇതെല്ലാം ഒത്തുകളിയായിരുന്നു. അന്വേഷണ ഏജന്‍സികളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണം. ഉത്തരവാദപ്പെട്ട അധികൃത കേന്ദ്രങ്ങളില്‍ നിന്ന് വിലക്കുവന്നു. അതിന്റെ ഫലമായി അവരുടെ ഡ്യൂട്ടി ശരിയായ നിലയില്‍ ചെയ്യാനാവുന്നില്ല. ഒരു തരം പാവകളിയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള പെറാട്ട് നാടകം. കേരളത്തില്‍ നല്ല നിലയില്‍ പോവുന്ന സര്‍ക്കാരിനെ മോശമാക്കാന്‍, എന്തൊക്കൊ ചെയ്യാന്‍കഴിയും എന്ന കുരുട്ടു ബുദ്ധിയാണ് ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ വിചാരിച്ചാല്‍ തകരുന്ന ഒന്നും ഞങ്ങള്‍ ഇവിടെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പണിപൂര്‍ത്തിയായ പാലാരിവട്ടം പാലം നാളെ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News