പാണത്തൂരില്‍ വിവാഹ ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് ആറു മരണം

കര്‍ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസ്സാണ് പാണത്തൂര്‍ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്

Update: 2021-01-03 09:43 GMT

കാഞ്ഞങ്ങാട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളുമുണ്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.45ഓടെയാണ് ദുരന്തം.



    കര്‍ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസ്സാണ് പാണത്തൂര്‍ പരിയാരത്ത് വീടിന് മുകളിലേക്ക് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് ആള്‍ത്താമസമില്ലാത്ത വീടിനു മുകളിലേക്കു വീഴുകയായിരുന്നു. റോഡിനു താഴെയുള്ള ഭാസ്‌കരന്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ബസ് വീണത്. വീട് ഭാഗികമായി തകര്‍ന്നു. അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വധുവിന്റെ വീട്ടുകാര്‍ വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   


ബസ്സിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്. ബസില്‍ 50ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.

    പാണത്തൂരില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞു കര്‍ണാടക സ്വദേശികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികില്‍സാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Six killed as wedding bus overturns on house in Panathur

Tags:    

Similar News