ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം പ്ലീനം തീരുമാനം നടപ്പാക്കാത്തത്; സ്വയം വിമര്‍ശനവുമായി യെച്ചൂരി

സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷിയും കുറഞ്ഞു. 2009മുതലാണ് പാര്‍ട്ടിയുടെ ശക്തി കുറഞ്ഞ് വന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു

Update: 2019-10-04 13:15 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ട ദയനീ പരാജയത്തിന് കാരണം പ്ലീനം നടപ്പാക്കാത്തതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ നടന്നുവന്ന കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് യെച്ചൂരി സ്വയം വിമര്‍ശനാത്മകമായി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന് ഒറ്റയ്ക്ക് ശക്തിപ്പെടാനായില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയ ഇടപെടല്‍ ശേഷിയും കുറഞ്ഞു. 2009മുതലാണ് പാര്‍ട്ടിയുടെ ശക്തി കുറഞ്ഞ് വന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പാലായില്‍ ഇടതുമുന്നണി നേടിയത് ഗംഭീര വീജയമാണെന്ന് കേന്ദ്രക്കമ്മിറ്റി യോഗം വിലയിരുത്തി. ഇടത് പക്ഷത്തിനെതിരെയും ഇടതുപക്ഷ സര്‍ക്കാരിനെതിരെയും ഉണ്ടായ വന്‍ പ്രചാരണങ്ങള്‍ അതിജീവിച്ചാണ് എല്‍ഡിഎഫ് പാലായില്‍ മികച്ച വിജയം കരസ്ഥമാക്കിയതെന്നും യെച്ചൂരി വ്യക്തമാക്കി.

മഹാരാഷ്ട്രഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കും. ഇതിനായി ജനാധിപത്യ പാര്‍ട്ടികളുമായി ചേര്‍ന്ന് മല്‍സരിക്കും. ആരും എതിരഭിപ്രായം പറയരുതെന്ന സന്ദേശം പരത്താനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരെ കേസെടുത്തതെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് തുടങ്ങിയ കേന്ദ്രകമ്മിറ്റി യോഗത്തില്‍ കശ്മീരില്‍ നിന്നുള്ള നേതാവായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് പങ്കെടുക്കാനായിരുന്നില്ല. തരിഗാമിയ്‌ക്കെതിരെ ഒരു കേസുമില്ലെന്നും അദ്ദേഹം തടവിലല്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍, എന്നാല്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

Tags:    

Similar News